ലോകാവസാനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നിരവധി തവണ പുറത്തുവന്നിട്ടുള്ളതാണ്. പ്രമുഖരും പ്രശ്സതരുമായ ശാസ്ത്രജ്ഞര്‍ പലപ്പോഴായി ഇത് സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ സ്ഥിരീകരണമാണ് ഇപ്പോള്‍ ലോകത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെ കൂട്ടത്തോടെയുള്ള ആക്രമണം എന്ന വാദത്തെ തള്ളിക്കളയാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനവര്‍ കൃത്യമായ വിശദീകരണവും നല്കുന്നു.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജീവികളായ ഡിനോസറുകളുടെ വംശം തന്നെ അറ്റുപോകാന്‍ കാരണമായത് അത്തരമൊരു കൂട്ടദുരന്തമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശ്വസിക്കാനോ വെള്ളത്തിലൊളിക്കാനോ പോലും സാധിക്കാതെ ഒന്നൊന്നായി ഡിനോസറുകള്‍ മരിച്ചു വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. അതിനു കാരണമായ പ്രകൃതിദുരന്തങ്ങളിലേക്കു നയിച്ചതാകട്ടെ 6.6 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ പതിച്ച ഉല്ക്കയും അതിന്റെ ചുവടുപിടിച്ചുണ്ടായ അഗ്നിപര്‍വത സ്ഫോടനങ്ങളും.
കരയിലുണ്ടായ അത്രയും തന്നെ ദുരന്തം കടലിലും അഗ്നിപര്‍വതങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തതെന്ന് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കടലിനടിയിലെ അഗ്നിപര്‍വതങ്ങളെല്ലാം തന്നെ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇങ്ങനെ ഭൂമിയുടെ രണ്ടു വശങ്ങളില് നിന്നും ദുരന്തങ്ങള്‍ തുടരാക്രമണം നടത്തിയതോടെയാണ് ഡിനോസര്‍ വംശം അറ്റുപോയത്. പറക്കാന്‍ കഴിയുന്ന പക്ഷികളും ചില ജലജീവികളും മാത്രം ഈ ദുരന്തങ്ങളെ അതീജീവിച്ചു. ശേഷിച്ച ഭൂമിയിലെ 75 ശതമാനം വരുന്ന ജന്തുക്കളും സസ്യങ്ങളും ഉല്‍ക്ക ആക്രമണത്തിലും അഗ്നിപര്‍വത സ്ഫോടനത്തിലും ഇവയെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിലും പെട്ട് എന്നന്നേക്കുമായി ഇല്ലാതായി.
കടലിന്നടിയിലെ പാറകളില്‍ കഴിഞ്ഞ 10 കോടി വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും അടിത്തട്ടില്‍ 650 അടി വരെ ഉയരമുള്ള പാറകളാണ് അഗ്നിപര്‍വത സ്ഫോടനത്തിലൂടെ വന്നുചേര്‍ന്നത്. ഇവയുടെ പഴക്കവും 6.6 കോടി വര്‍ഷത്തോളമുണ്ടെന്നതും പഠനത്തിന്റെ വിശ്വാസ്യതയ്ക്ക് ആക്കം കൂട്ടുന്നു. മെസോസോയിക് യുഗത്തിന് അന്ത്യം കുറിച്ച ഈ ദുരന്തങ്ങള്‍ ഒരു ഓര്‍മപ്പെടുത്തലാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ ഒരു ഭാഗത്തു സംഭവിക്കുന്ന ദുരന്തം എങ്ങനെയാണ് ലോകം മുഴുവന്‍ വ്യാപിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഇക്കാലത്തും അതു സംഭവിച്ചേക്കാം. മനുഷ്യകുലത്തിനും അത് വലിയ ഭീഷണിയാണ് ഉയര്‍ത്തികൊണ്ടിരിക്കുന്നത്.