കല്ലടിക്കോട്: കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ ആറിടത്ത് മരങ്ങൾ പൊട്ടിവീണു. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. 9 വാഹന ങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുട്ടികളടക്കമുള്ള യാത്രക്കാർ ഭീതിയിലാണ്. മൈലന്പുള്ളി മുതൽ തച്ചന്പാറവരെ 76 മരങ്ങളാണ് അപകടാവസ്ഥയിൽ റോഡീലേയ്ക്ക് വീഴാറായി നിൽക്കുന്നത്.
മാവ്, വാക, മരുത് തുടങ്ങിയവയാണ് മിക്കവയും. 60 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ് ഇവ. ഇത്തരം മരങ്ങൾ ചിതൽ കയറി ഉൾഭാഗം മുഴുവൻ നശിച്ചവയാണ്. കാറ്റടിക്കുന്പോഴും മഴപെയ്യുന്പോഴുമാണ് പലപ്പോഴും ഇത്തരം മരങ്ങൾ വീഴുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം കാറ്റും മഴയും ഇല്ലാത്തപ്പോഴാണ് കല്ലടിക്കോട് ചുങ്കത്ത് മരം വീണത്. ഇടക്കുർശി ബഥനി സ്കൂളിനു സമീപം നിൽക്കുന്ന മരങ്ങൾ ഏതു സമയവും പൊട്ടിവീഴാമെന്ന അവസ്ഥയിലാണ്.
വാഹനങ്ങളും കാൽനടയാത്രക്കാരും ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽപെടാതെ രക്ഷപ്പെടുന്നത്. ഉണങ്ങി പൊള്ളയായി നിൽക്കുന്ന ഇത്തരം മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജനങ്ങളുടെ പരാതിയിൽ വെട്ടിയിട്ട മരങ്ങൾ റോഡരികിൽ ഇട്ടിരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.