കൊച്ചി: അഡാർ ലൗവിലെ വിവാദ ഗാനം പിൻവലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിൻവലിക്കേണ്ടെന്ന തീരുമാനം എടുത്തതെന്ന് സംവിധായകൻ ഒമർ ലുലു പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ലെന്നും പാട്ട് പിൻവലിക്കുന്നുവെന്നും വ്യക്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് തീരുമാനം മാറ്റിയത്.
“മാണിക്യ മലരായ പൂവി…’ എന്നു തുടങ്ങുന്ന ഗാനം ലോകം ഏറ്റെടുത്തിട്ട് അധികദിനങ്ങൾ ആയിട്ടില്ല. അഡാർ ലൗവിലെ ഗാനത്തിൽ പ്രിയ പ്രകാശ് വാര്യരും റോഷൻ അബ്ദുൾ റഹൂഫും പ്രത്യക്ഷപ്പെടുന്ന ഭാഗം ഇരുവരുടെയും മുഖഭാവംകൊണ്ട് ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ അണിയറക്കാർക്കെതിരേ പരാതിയുമായി ഒരു പറ്റം യുവാക്കൾ രംഗത്തെത്തി. മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികൾ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ പോലീസിൽ പരാതി നല്കിയിരിക്കുന്നത്. മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് ഗാനമെന്ന് ഇവർ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ഒമർ ലുലുവിനെതിരേ കേസ് എടുക്കുമെന്ന് എസിപി സൈദ് ഫയാസ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295 എ വകുപ്പ് എടുക്കാനാകുമോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഹിറ്റായ ഗാനം പരിഭാഷപ്പെടുത്തിയപ്പോൾ നബിയും ഖദീജ ബീവിയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട കാര്യമാണ് പരാമർശിച്ചിരിക്കുന്നതെന്നു മനസിലായി എന്നും ഇത് നബിയെ അപമാനിക്കുന്നതാണെന്നുമാണ് പരാതിയിൽ പറയുന്നത്. ഗാനം പിൻവലിക്കുകയോ വരികൾ മാറ്റിയെഴുതുകയോ ചെയ്യണമെന്നും പരാതിക്കാർ പറയുന്നു.
പി.എം.എ. ജബ്ബാറിന്റെ വരികൾക്ക് തലശേരി കെ. റഫീക് ഈണം നല്കിയ ഗാനം പുനരവതരിപ്പിക്കുകയായിരുന്നു ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും ചെയ്തത്. പരാതി ഉയർന്നതോടെ ചിത്രത്തിൽ ഗാനം ഉണ്ടാവില്ലെന്നും യു ട്യൂബിൽനിന്നു പിൻവലിക്കുമെന്നും സംവിധായകൻ ഒമർ ലുലു പ്രഖ്യാപിച്ചെങ്കിലും പിന്നീട് മലക്കം മറിഞ്ഞ് തീരുമാനം മാറ്റി. ഗാനത്തിന്റെ ജനപ്രീതി കണക്കിലെടുത്താണ് ഗാനം പിൻവലിക്കില്ലെന്നു തീരുമാനിച്ചതെന്ന് ഷാൻ റഹ്മാനും ഒമർ ലുലുവും പിന്നീട് പ്രതികരിച്ചു. ചിത്രം ജൂണിൽ പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഗാനത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയയെയും റോഷനെയും ഉൾപ്പെടുത്തിയുള്ള ടീസറിൽ ക്ലാസ്മുറിയാണ് പശ്ചാത്തലം. വാലന്ൈറൻസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ടീസറിനും വൻ സ്വീകാര്യതയാണ്.