മാഡ്രിഡ്: ചാന്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് സ്പാനിഷ് വന്പമാരായ റയൽ മാഡ്രിഡിന്റെ ഷോക്ക് ട്രീറ്റ്മെന്റ്. ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് റയൽ പിഎസ്ജിയെ പരാജയപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ-നെയ്മർ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുമായി തിളങ്ങിയപ്പോൾ നെയ്മർക്കു ഗോളൊഴിഞ്ഞ ആവനാഴിയുമായി മടങ്ങേണ്ടിവന്നു.
33-ാം മിനിറ്റിൽ അഡ്രിയാൻ റാബോട്ടിലൂടെ പിഎസ്ജിയാണ് റയലിന്റെ ഗ്രൗണ്ടിൽ ലീഡ് നേടിയത്. മിഡ്ഫീൽഡിൽനിന്ന് ഓടിക്കയറിയ റാബോട്ട് പോസ്റ്റിന് 15 വാര അകലെനിന്നു നിറയൊഴിക്കുകയായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ലീഡ് വഴങ്ങിയ റയൽ മിനിറ്റുകൾക്കുള്ളിൽ തിരിച്ചടിച്ചു. ബെൻസേമയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റെണാൾഡോ റയലിന് സമനില സമ്മാനിച്ചു.
മത്സരം ഗോളില്ലാതെ നീങ്ങവെ 83-ാം മിനിറ്റിൽ റയൽ ലീഡ് നേടി. അസെൻസിയോയുടെ ക്രോസ് റൊണാൾഡോ വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. മൂന്നു മിനിറ്റിനുശേഷം മാഴ്സലോയും ഗോൾ കണ്ടെത്തിയതോടെ ഫ്രഞ്ച് വന്പൻമാരുടെ പരാജയം പൂർത്തിയായി. അസെൻസിയോ ആയിരുന്നു ഇക്കുറിയും ഗോൾസഹായി. രണ്ടു ഗോൾ ലീഡ് വഴങ്ങിയതോടെ പിഎസ്ജിക്ക് ഇനി മുന്നേറണമെങ്കിൽ സ്വന്തം ഗ്രൗണ്ടിൽ വന്പൻ ജയം ആവശ്യമാണ്.