പോർട്ട് എലിസബത്ത്: ശിഖർ ധവാനെ കെണിയിൽ വീഴ്ത്തിയ കഗിസോ റബാഡയുടെ അമിതാഹ്ലാദത്തിനു മാച്ച് റഫറിയുടെ പിഴശിക്ഷ. ഇന്ത്യക്കെതിരായ അഞ്ചാം ഏകദിന പരമ്പരയിൽ ധവാനെ പുറത്താക്കിയ ശേഷം മോശം ആഗ്യം കാണിച്ചതിന് ദക്ഷിണാഫ്രിക്കൻ പേസർ റബാഡയ്ക്കു മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു.
കളിയുടെ എട്ടാം ഓവറിലാണ് ധവാനെ റബാഡ പുറത്താക്കിയത്. റബാഡയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിച്ച ധവാൻ(34) ഫെലുക്വോയ്ക്കു ക്യാച്ച് നൽകി മ ടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ധവാനെ കൃത്യമായ ആസൂത്രണത്തോടെയാണ് ദക്ഷിണാഫ്രിക്ക പുറത്താക്കിയത്. ഇതിന്റെ ആഹ്ലാദം റബാഡ പ്രകടിപ്പിച്ചതാണ് വിനയായത്.
ഐസിസിയുടെ കളിക്കാർക്കുള്ള പെരുമാറ്റച്ചട്ടം റബാഡ ലംഘിച്ചെന്നാണ് കണ്ടെത്തിയത്. ഇതോടെ റബാഡയ്ക്കു ഒരു ഡീമെറിറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യ ആദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.