സോണർപുർ: പശ്ചിമ ബംഗാളിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ നാലുപേർ ചേർന്നു കൂട്ടബലാത്സംഗത്തിനിരയാക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ രത്താലയിലാണ് സംഭവം.
ജൻമദിനാഘോഷത്തിനായി കാമുകൻ ക്ഷണിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ബന്ധുക്കൾ പുറത്തുപോയപ്പോഴാണ് കാമുകൻ പെണ്‍കുട്ടിയെ ക്ഷണിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചശേഷം കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കാമുകന്റെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ ആക്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു. ബലാത്സംഗത്തിനുശേഷം പ്രതികൾ പെണ്‍കുട്ടിയെ കൊലപ്പെടുത്താനും ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം തുടരുകയാണ്.