തിരുവനന്തപുരം: പേട്ടയിലെ സിഗ്നൽ തകരാറുമായി ബന്ധപ്പെട്ടു വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടതിനെ തുടർന്ന് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലെത്തിച്ചേരാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനായില്ല.
ബസ് ചാർജ് വർധന അടക്കമുള്ള സുപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്ത മന്ത്രിസഭാ യോഗം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞാണു മന്ത്രി സുനിൽകുമാറിനു സെക്രട്ടേറിയറ്റിൽ എത്തിച്ചേരാൻ കഴിഞ്ഞത്. തുടർന്നു മന്ത്രിസഭാ യോഗം നടക്കുന്ന കാബിനറ്റ് റൂമിൽ എത്താതെ അദ്ദേഹം കൃഷിമന്ത്രിയുടെ ഓഫീസിലേക്കു പോയി.
നേരത്തെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു ട്രെയിനുകൾ പിടിച്ചിട്ടതിനാൽ മന്ത്രിസഭാ യോഗത്തിൽ കെ.ടി. ജലീൽ അടക്കം ഏതാനും മന്ത്രിമാർ വൈകിയെത്തിയ സംഭവമുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ക്വോറം തികയാത്തതിനാൽ തീരുമാനം എടുക്കാൻ കഴിയാതെ പോയ സംഭവത്തിൽ മന്ത്രിമാർ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്നു മുഖ്യമന്ത്രി പ്രത്യേക നിർദേശം നൽകിയിരുന്നു.
ഇതിനിടയിലാണു ട്രെയിൻ പിടിച്ചിട്ടതിനെ തുടർന്നു മന്ത്രി വൈകിയ സംഭവമുണ്ടായത്. സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ മന്ത്രി ഇ. ചന്ദ്രശേഖരനും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന് എത്തിയിരുന്നില്ല. സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ചയിലെ പതിവു മന്ത്രിസഭാ യോഗം ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി. 22 മുതൽ തൃശൂരിലാണു സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്.