ചിങ്ങവനം: ഓട്ടോറിക്ഷാ ഓടിച്ചു കിട്ടുന്ന തുഛ വരുമാനത്തിൽ നിന്ന് മിച്ചംവച്ച് കാൻസർ രോഗികളെ സഹായിക്കുന്ന ഓട്ടോഡ്രൈവർമാർ നാടിന് മാതൃകയായി. ചിങ്ങവനം ശാലേംപള്ളിക്ക് മുൻവശത്തെ ഓട്ടോ സ്റ്റാന്‍ഡിൽ ഓടുന്ന 14 പേർ ചേർന്നാണ് തങ്ങളുടെ ദുരിതങ്ങൾ മറന്ന് രോഗികളായവരുടെ ബുദ്ധിമുട്ടുകൾക്ക് തങ്ങളാലാവുന്നത് ചെയ്യണമെന്ന ഉറച്ച തീരുമാനവുമായി രംഗത്തെത്തിയത്.
ലൈഫ് കെയർ ഓട്ടോ ഡ്രൈവേഴ്സ് സൊസൈറ്റി എന്ന പേരിൽ ജെ.കെ. രാജു പ്രസിഡന്റായും, കെ.ദിനു സെക്രട്ടറിയായും രജിസ്റ്റർ ചെയ്ത സംഘടന മൂന്ന് വർഷത്തിലധികമായി ഓട്ടോ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. 2018ന്റെ തുടക്കത്തിൽ തന്നെ കാൻസർ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ സംഘടന അവരിലേക്കു കൂടി സഹായമെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി തങ്ങളുടെ തുഛമായ വരുമാനത്തിൽ നിന്നും ദിവസവും ഒരു നിശ്ചിത തുക മാറ്റി വെക്കുവാൻ തീരുമാനിച്ചു. കൂടാതെ തങ്ങളുടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ ഈ സന്ദേശമെത്തിക്കുവാനും അവരിൽ നിന്നും സംഭാവനകൾ സ്വീകരിക്കുവാനും തീരുമാനിച്ചു. ഇതിനായി ഓട്ടോയിൽ കാൻസർ സഹായനിധി ബോക്സുകളും സ്ഥാപിച്ചു. മാസത്തിലൊരിക്കൽ ഇങ്ങനെ ലഭിക്കുന്ന സംഖ്യ രോഗികളുടെ വീട്ടിലെത്തിച്ചു കൊടുക്കും.
കൂടാതെ, ഇവരുടെ തുടർച്ചയായുള്ള ചികിത്സാ യാത്രക്ക് സൗജന്യമായി ഓട്ടോറിക്ഷയും തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർക്ക് കാറും വിട്ടു കൊടുക്കും. ഇതിനോടകം നിരവധി രോഗികൾ സഹായമാവശ്യപ്പെട്ടിട്ടുണ്ടെന്നും അർഹരായ രോഗികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികളുടെ സഹായവും സംഘടന അഭ്യർഥിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജെ.കെ.രാജു പറഞ്ഞു.