വിവാദങ്ങൾക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായി പ്രിയ പ്രകാശ് വാര്യർ. ഇന്നലെ ഒരു ദിവസംകൊണ്ട് ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സാണ് പുതിയതായി പ്രിയക്ക് ലഭിച്ചത്. ഇതോടെ ഇൻസ്റ്റഗ്രാമിൽ പ്രിയയുടെ ഫോളവേഴ്സിന്റെ എണ്ണം 32 ലക്ഷത്തിലധികമായി.
“മാണിക്യ മലരായ പൂവി…’ എന്നു തുടങ്ങുന്ന ഗാനത്തിനെതിരേ പരാതിയുമായി ഒരു പറ്റം ആളുകൾ എത്തിയതാണ് പ്രിയയുടെ ഫോളവേഴ്സിന്റെ എണ്ണം വർധിച്ചത്. മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികൾ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ പോലീസിൽ പരാതി നല്കിയിരിക്കുന്നത്.
മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് ഗാനമെന്ന് ഇവർ ആരോപിക്കുന്നു. പരാതി ഉയർന്നതോടെ ചിത്രത്തിൽ ഗാനം ഉണ്ടാവില്ലെന്നും യു ട്യൂബിൽനിന്നു പിൻവലിക്കുമെന്നും സംവിധായകൻ ഒമർ ലുലു പ്രഖ്യാപിച്ചെങ്കിലും പിന്നീട് മലക്കം മറിഞ്ഞ് തീരുമാനം മാറ്റി. ഗാനത്തിന്റെ ജനപ്രീതി കണക്കിലെടുത്താണ് ഗാനം പിൻവലിക്കില്ലെന്നു തീരുമാനിച്ചതെന്ന് ഷാൻ റഹ്മാനും ഒമർ ലുലുവും പിന്നീട് പ്രതികരിച്ചു.
അതേസമയം ഗാനത്തിനെതിരേ വീണ്ടും പോലീസിൽ പരാതി ലഭിച്ചു. ഹൈദരാബാദിലെ ഒരു ബിസിനസുകാരനാണ് പരാതി നൽകിയത്. ഗാനം പിൻവലിക്കുകയോ വരികൾ മാറ്റിയെഴുതുകയോ ചെയ്യണമെന്നാണ് പരാതി. എന്നാൽ ഇതെല്ലാം ചിത്രത്തിന്റെ അണിയറക്കാരുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായുള്ള വിവാദങ്ങളാണെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രം ജൂണിൽ പ്രദർശനത്തിനെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.