കൊച്ചി : സംസ്ഥാനത്തെ ജയിലുകളിൽ 2012 മുതൽ 2017 ജൂണ്‍ വരെ ആറ് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നു പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിൻമേൽ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും വിശദീകരണ പത്രികയിൽ പോലീസ് വ്യക്തമാക്കി.
അസ്വാഭാവിക മരണം ജയിൽ അധികൃതർ അറിയിക്കുന്നതോടെ ലോക്കൽ പോലീസ് കേസെടുക്കും. ഇൻക്വസ്റ്റ് തയാറാക്കാൻ ജില്ലാ മജിസ്ട്രേട്ടിനെ അറിയിക്കും. പോസ്റ്റുമോർട്ടം നടപടികൾ വീഡിയോയിൽ പകർത്തും. പോലീസിന്റെ അന്വേഷണത്തിനൊപ്പം ജില്ലാ മജിസ്ട്രേട്ട് അന്വേഷണം നടത്തി എസ്പി മുഖേന റിപ്പോർട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകുന്നുണ്ട്. സർക്കാർ റിപ്പോർട്ട് തേടിയാൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തിന് റിപ്പോർട്ട് നൽകും.
സുപ്രീം കോടതി നിർദേശ പ്രകാരം സംസ്ഥാന പോലീസ് അക്കാഡമി, കേരള ലീഗൽ സർവീസ് അഥോറിറ്റി, നാഷണൽ പോലീസ് അക്കാഡമി, ബ്യൂറോ ഒഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എന്നിവരുമായി ചേർന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിശീലന – ബോധവത്കരണ പരിപാടി നടത്തുന്നുണ്ട്. തടവുകാർ ഏറ്റുമുട്ടിയാൽ നിയമനടപടിക്കായി ലോക്കൽ പോലീസിനെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഏറ്റുമുട്ടൽ നിമിത്തം നരഹത്യയടക്കമുള്ളവ ഉണ്ടാകുന്നത് തടയാൻ ഇതിലൂടെ കഴിയുമെന്നും വിശദീകരണ പത്രികയിൽ പറയുന്നു. സുപ്രീം കോടതിയുടെ ജയിൽ പരിഷ്കരണ നിർദേശങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച പൊതു താൽപര്യ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി പോലീസ് വിശദീകരണ പത്രിക നൽകിയത്.
മരണം സംബന്ധിച്ച വിശദാംശങ്ങൾ ഇങ്ങനെ: 2013 ൽ ആത്മഹത്യ – ഒന്ന്, പുറമേ നിന്നുള്ള അതിക്രമം നിമിത്തം – ഒന്ന് , 2014 ൽ ആത്മഹത്യയും ആക്രമണവുമല്ലാതെ മറ്റു കാരണം – ഒന്ന് , 2015 ൽ ജയിൽ അധികൃതരുടെ അനാസ്ഥ മൂലം – ഒന്ന്, 2016 ൽ ആത്മഹത്യ – രണ്ട് , (2012 ലും 2017 ജൂണ്‍ വരെയും അസ്വാഭാവിക മരണം ഇല്ല).