ഒരൊറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ചെറുപ്പക്കാരുടെ മനസു കീഴടക്കിയ ‘മാണിക്യ മലരായ’ ഗാനവും പ്രിയ പി. വാര്യരും റിക്കാര്‍ഡുകള്‍ കടപുഴക്കി മുന്നേറുകയാണ്. യൂട്യൂബില്‍ വെറും ആറു ദിവസം കൊണ്ട് രണ്ടു കോടിയില്‍ പരം ആളുകളാണ് പാട്ട് കണ്ടത്. ഇതാദ്യമായാണ് ഒരു മലയാളം പാട്ടിന് ഇത്ര വേഗത്തില്‍ രണ്ടു കോടി കാഴ്ചക്കാരെ ലഭിക്കുന്നത്.
ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരമാണ് പാട്ട് യൂട്യൂബില്‍ റിലീസായത്. മണിക്കൂറുകള്‍ക്കുള്ളില്‍ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയര്‍ന്നു. പിറ്റേന്നു മുതല്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ നിറഞ്ഞു. പാട്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചില വിവാദങ്ങളും ഉയര്‍ന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗാനം പിന്‍വലിക്കുമെന്ന് അണിയറക്കാര്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് അവര്‍ ആ തീരുമാനം മാറ്റുകയും ചെയ്തു.
ഷാന്‍ റഹ്മാന്-വിനീത് ശ്രീനിവാസന് കൂട്ടുകെട്ടില്‍ വിരിഞ്ഞ പാട്ടിന് പഴമയുടെ കഥ പറയാനുണ്ട്. കാലങ്ങളായി മലബാറുകാര്‍ നെഞ്ചേറ്റിയ പാട്ടിനെ ഷാന്‍ റഹ് മാന്‍ ചിത്രത്തിനു വേണ്ടി പുനരവതരിപ്പിക്കുകയായിരുന്നു. പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന് തലശ്ശേരി കെ. റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്. ആ പാട്ടിലേക്ക് പുതിയ കാലത്തിന്റെ പ്രണയപ്പുഞ്ചിരിയുള്ള ദൃശ്യങ്ങളും ഈണവും ചേര്‍ത്തുവച്ചപ്പോള്‍ അത് ലോകം തന്നെ കീഴടക്കുന്നതായി.