ആമി എന്ന സിനിമ തുടങ്ങിയതുമുതല്‍ വിവാദങ്ങളുടെ കളിയാട്ടമാണ്. സംവിധായകനായ കമല്‍ ചിത്രത്തെക്കുറിച്ച് എന്ത് പറഞ്ഞാലും വിവാദമാവുന്ന രീതി. എഴുത്തുകാരും സിനിമാനിരൂപകരും കലാകാരന്മാരും എന്തിന് മാധവിക്കുട്ടിയുടെ ആരാധകരായ സാധാരണക്കാര്‍ പോലും വിവിധ വിഷയങ്ങളില്‍ കമലിനെ വിമര്‍ശിച്ച് രംഗത്തെത്തുകയുണ്ടായി. എഴുത്തുകാരി ശാരദക്കുട്ടിയാണ് അക്കാര്യത്തില്‍ മുമ്പില്‍ നിന്നിരുന്നത്. എന്നാല്‍ തന്നെ അത്തരത്തില്‍ വിമര്‍ശിച്ചവര്‍ക്കെല്ലാം തക്ക മറുപടി നല്‍കിയിരിക്കുകയാണ് കമല്‍. കമലിന്റെ പ്രതികരണവും ശാരദക്കുട്ടിയ്ക്കുനേരെയാണ് വിരല്‍ ചൂണ്ടുന്നത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതിങ്ങനെയായിരുന്നു…
‘സിനിമയെടുക്കാന്‍ അറിയാത്ത ശരാശരി സംവിധായകനാണെന്നു വരെ എന്നെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായി. സമ്മതിക്കുന്നു, പക്ഷേ, സിനിമ എന്ന മാധ്യമത്തെക്കുറിച്ച് ഇതു പറഞ്ഞയാള്‍ക്ക് എന്തറിയാം? സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. പക്ഷേ, സിനിമയെക്കുറിച്ച് അവര്‍ക്ക് ഒരു ചുക്കും അറിയില്ല. അതുകൊണ്ട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോടു പുച്ഛമാണ്.
ഏതു വിവരദോഷിക്കും എന്തും പറയാവുന്ന തെരുവ് പ്ലാറ്റ്ഫോമായി സോഷ്യല്‍ മീഡിയ മാറുകയാണ്. പ്രതികരിക്കും മുന്‍പ് സിനിമയെക്കുറിച്ചു നന്നായി ഒന്നു പഠിക്കണമെന്നാണ് ഇവരോെടാക്കെ എന്റെ അഭ്യര്‍ഥന. വസ്ത്രധാരണത്തിലടക്കം മാധവിക്കുട്ടിയാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ‘ഫ്രസ്ട്രേഷന്‍’ തീര്‍ക്കാനാകും ചിലരുടെ ശ്രമം. അങ്ങനെയുള്ളവരോട് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല, അതിനു സമയവുമില്ല.’ കമല്‍ പറയുന്നു.