ചവറ : കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ തന്റെ സർഗവാസന മാറ്റിവച്ച കമ്യൂണിസ്റ്റായിരുന്നു കവി ഒഎൻവിയെന്നു ആർ.രാമചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. കവി ഒ.എൻ.വി കുറുപ്പിന്റെ രണ്ടാം ചരമവാർഷികവുമായി ബന്ധപ്പെട്ട് സിപിഐ ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ ബസ്സ് സ്റ്റാന്റിൽ നിന്നാരംഭിച്ച അനുസ്മരണ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒ.എൻ.വിയുടെ വരികളും കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകവുമാണ് ലോകത്തിലാദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ വരാൻ കാരണമാക്കിയതെന്നു ആർക്കും മറക്കാൻ കഴിയില്ല. നമ്മുടെ സംസ്ക്കാരത്തിൽ സായുധവിപ്ലവത്തിനേക്കാൾ പ്രായോഗികമായത് സാംസ്ക്കാരിക വിപ്ലവമാണ് എന്ന് തെളിയിച്ചയാളാണ് ഒഎൻവിയെന്നും ആർ.രാമചന്ദ്രൻ അനുസ്മരിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം ഐ. ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി.രാജു, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി പിള്ള, ഇപ്റ്റ ജില്ലാ ഭാരവാഹി മണിലാൽ, പി.ബി.ശിവൻ, ഷാജി.എസ്. പള്ളിപ്പാടൻ, വി. ജ്യോതിഷ്കുമാർ, കെ.എസ്, ബാബു എന്നിവർ പ്രസംഗിച്ചു.
നൂറു കണക്കിനാളുകൾ പങ്കെടുത്ത അനുസ്മരണ റാലി ഒഎൻവിയുടെ തറവാടായ നമ്പ്യാടിക്കലെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.