കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ കേരളത്തെ കുറച്ചൊന്നുമല്ല അമ്പരപ്പിലാക്കിയത്. ഇതിനൊരവസാനമില്ലെ എന്നാണ് പലരും തലയില്‍ കൈവച്ച് ചോദിച്ചത്. കുടുംബത്തിന്റെ അത്താണിയായിരുന്ന, ജീവിതം ഇനിയും ജീവിച്ച് തീര്‍ക്കാനുണ്ടായിരുന്ന ഒരു യുവാവിന്റെ മരണം അംഗീകരിക്കാനാവാത്തത് തന്നെയാണ്. ശുഹൈബിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ അവസാന വാക്കുകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കാലില്ലാതെ ജീവിക്കാന്‍ എനിക്കാവില്ല, ഞാന്‍ പോകുക തന്നെ ചെയ്യും. വേദന കൊണ്ട് പുളയുമ്പോഴും ശുഹൈബ്, തന്റെ അവസാനശ്വാസം രക്ഷിക്കാന്‍ ഒപ്പം കൂടിയവരോട് പറഞ്ഞു. എടയന്നൂര്‍ തെരുവിലെ തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ, ഒരു സംഘം മുഖംമൂടി ധാരികളാല്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച ശുഹൈബിനെയും പരുക്കേറ്റ സുഹൃത്തുക്കളെയും രക്ഷിക്കാന്‍ ആശുപത്രിയിലേക്കുള്ള മരണപ്പാച്ചിലിനിടയിലാണ് ശുഹൈബ് തന്റെ നിസഹായവസ്ഥയെക്കുറിച്ച് പരിതപിച്ചത്. രണ്ട് കാലും വെട്ടിയിട്ട ശേഷമായിരുന്നു അക്രമി സംഘം മടങ്ങിയത്. ചോരവാര്‍ന്നാണ് ശുഹൈബിന് മരണം സംഭവിച്ചത്.
രാത്രി പതിനൊന്ന് മണിയോടെ വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം റോഡിലേക്ക് രണ്ട് തവണയായി ബോംബുകള്‍ എറിഞ്ഞ് പരിഭ്രാന്തി പരത്തിയശേഷം ശുഹൈബിനെ പിടികൂടി ഇരുകൈകളും പിറകിലേക്ക് കൂട്ടിപ്പിടിച്ച ശേഷം മുട്ടിനു താഴെ കാലുകള്‍ വാളുകൊണ്ട് അറുത്തുമാറ്റുകയായിരുന്നു. കൈകള്‍ പിറകിലേക്ക് പിടിച്ചപ്പോഴും തന്നെ, കൊല്ലാനല്ല, പരിക്കേല്‍പ്പിച്ച് വിടാനാണ് ലക്ഷ്യമെന്ന തോന്നലിലായിരുന്നു ആ യുവാവ്. അതുകൊണ്ട് ബഹളംവെക്കുകയോ, അക്രമികളില്‍ നിന്നും കുതറിയോടാനോ ശ്രമിച്ചതുമില്ല. അസമയത്തെ അത്യുച്ഛത്തിലുള്ള ശബ്ദം കേട്ടു പരിസരവാസികള്‍, ആഘോഷങ്ങളുമായി ബന്ധപ്പെട്ട ശബ്ദമാണെന്ന് കരുതുമ്പോള്‍ ശുഹൈബിന്റെ ജീവന്‍ വാളിനും ആശുപത്രിക്കുമിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അറ്റുപോയ കാലുകള്‍ കണ്ട്, മാനസികമായി തളര്‍ന്നു പോയ ശുഹൈബ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.