രാജ്യത്ത് സിപിഎമ്മിന്റെ പ്രസക്തി തന്നെ വലിയതോതില്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ തന്നെ നഷ്ടമായി. പൊതുതെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം കൊയ്യാന്‍ പാര്‍ട്ടിക്കാകുന്നില്ല. കേരളത്തിലും ത്രിപുരയിലും മാത്രമായി സിപിഎം അവശേഷിക്കുമ്പോള്‍ സ്വയം വിമര്‍ശനവും പാര്‍ട്ടി നേതൃത്വത്തിനെതിരായ ഒളിയമ്പുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്ത്. മാര്‍ക്സ് ജന്മവാര്ഷിക ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബേബിയുടെ ഏറ്റുപറച്ചില്‍.
ബേബിയുടെ പ്രസംഗത്തില്‍ നിന്ന്- സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കൈവിട്ടു പോയത് എന്തുകൊണ്ടെന്ന് ആലോചിക്കണം. മാര്‍ക്സിന്റെ കൃതികള്‍ മാത്രം പഠിച്ചാല്‍ പോര, മാര്‍ക്സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാര്‍ക്സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ്. മറ്റു വേദനസംഹാരികളൊന്നും അന്നു കണ്ടുപിടിച്ചിട്ടില്ല. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം. ഒരാശ്രയവുമില്ലാത്തവരുടെ ആശ്രയം. അതാണു മാര്‍ക്സ് പറഞ്ഞത്.
നിലപാടുകളില്‍ രണ്ടിടത്തു മാര്‍ക്സിനു തെറ്റു പറ്റിയെന്നും ബേബി അഭിപ്രായപ്പെട്ടു. ആദ്യമായി തൊഴിലാളി സംഘടന രൂപീകരിച്ചപ്പോള്‍, ഇന്റര്‍നാഷനല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന് എന്നാണു പേരിട്ടത്. സ്ത്രീകള്‍ അന്നു തൊഴില്‍രംഗത്തുണ്ടായിട്ടും അക്കാലത്തെ പൊതുബോധം മാര്‍ക്സിനെ സ്വാധീനിച്ചു. ബഹുജനങ്ങളില്‍ നിന്നു പിരിവെടുക്കുന്നതിനെ മാര്‍ക്സ് എതിര്‍ത്തത് അദ്ദേഹത്തിന്റെ മധ്യവര്‍ഗ കുടുംബ പശ്ചാത്തലം കൊണ്ടാവാമെന്നും ബേബി അഭിപ്രായപ്പെട്ടു.