കടുത്തുരുത്തി: ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വനിതയുടെ പരാതിയിൽ പോലീസ് കേസെടുത്ത സംഭവത്തിൽ വൈദികനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശനിയായ 42 കാരിയാണ് വൈദികൻ പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്. കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കുംതടത്തിലിനെയാണ്(35) പോലീസ് തിരയുന്നത്.
കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12 ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടിൽ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ പതിനാറായിരം രൂപയും ഏഴരപവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ പറയുന്നു.
തുടർന്ന് യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേസമയം തന്നെ കുടുക്കിയതാണെന്ന് കാണിച്ചു ഫാ.തോമസ് രജിസ്റ്ററായി അയച്ച പരാതി കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ പരിചയപെട്ട യുവതിയും സിബാംവേ സ്വദേശിയായ യുവാവും തന്നെ കുടുക്കാൻ ശ്രമിക്കുയാണെന്നും ഇയാൾ യുവതിയുടെ ഭർത്താവാണെന്നും പരാതിയിൽ പറയുന്നു.
വൈദികനെ വികാരിസ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി രൂപത പത്രക്കുറിപ്പിൽ അറിയിച്ചു. പൗരോഹിത്യശുശ്രൂഷയ് ക്കും വിലക്ക് ഏർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളോടും രൂപത പൂർണമായി സഹകരിക്കുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.