മാവേലിക്കര: ഇനിയും ബസ്ചാർജ് വർധന ഉടനേ ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ബസ് സമരം എന്തിനാണെന്നോ എന്താണെന്നോ ആരും അറിയിച്ചിട്ടില്ല. ബസ് ചാർജ് വർധനയ്ക്കായി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാർജ് വർധിപ്പിച്ചിട്ടുണ്ട്.
സമരംകൊണ്ട് സർക്കാരിനെ സമ്മർദത്തിലാക്കാൻ സാധിക്കില്ല. ന്യായമായ കാര്യം ആരുപറഞ്ഞാലും അംഗീകരിക്കുന്ന സർക്കാരാണ് നിലവിൽ കേരളം ഭരിക്കുന്നത്. സമരം ചെയ്യാനുള്ള അവകാശം ബസുടമകൾക്ക് ഉണ്ടെന്നും ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായങ്ങൾ കൂടി കേട്ടിട്ടേ സർക്കാരിന് നടപടി സ്വീകരിക്കാൻ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോ സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.