കോഴിക്കോട്: നടപ്പാതയില്‍ വാഹനം കയറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത എസ്ഐയ്ക്ക് ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകന് വക തെറിയഭിഷേകം. ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് എടുക്കാന്‍ പോലും തയ്യാറാകാതെ മുന്‍പ് ഗുണ്ടാലിസ്റ്റില്പെട്ട് നാടുകടത്താന്‍ മുന്‍ കണ്ണൂര്‍ ഐജിഉത്തരവിട്ട ഇദ്ദേഹത്തെയും ഭാര്യയെയും പോലീസ് വേറുതേ വിട്ടു. ഇന്നലെ രാത്രി 9.45നോടെമാവൂര് റോഡ് കൈരളിതിയറ്റിനുസമീപമാണ് സംഭവം.
ഒരു യുവാവും സുഹൃത്തും നടപ്പാതയില്‍ വാഹനം നിര്‍ത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത കണ്ട്രോള് റൂം എസ്ഐയോട് തന്റെ തറവാട്ട് സ്വത്താണോ ഇതെന്ന് ചോദിച്ച് ദമ്പതിമാര്‍ ഇടപെടുകയും പോലീസുകാരനെ തെറിവളിക്കുകയുമായിരുന്നു. ഇവരുടെ അടുത്തസുഹൃത്തുക്കളാണ് നടപ്പാതയില്‍ വാഹനം നിര്‍ത്തിയത്. പരസ്പരം പോര്‍വിളി തുടങ്ങിയതോടെ വഴിയാത്രക്കാര്‍ കൂടി.
ഒടുവില്‍ നാലുപേരെയും പോലീസ് കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും മിനിട്ടുകള്‍ക്കകം വെറുതേവിട്ടു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പോലീസ് കേസെടുക്കാന്‍ പോലും തയ്യാറാകാതിരുന്നത്. എസ്ഐയെ സ്ഥലം മാറ്റാന്‍ കമ്മീഷണറുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്. നടപ്പാതയില്‍ വാഹനം നിര്‍ത്തിയാല്‍ പിഴ ഈടാക്കാമെന്നിരിക്കേ അതിനുപോലും പോലീസ് തയ്യാറായില്ല. എസ്ഐയ്ക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞവരെ വെറുതെവിട്ട സിറ്റി പോലീസ് കമ്മീഷണറുടെ നടപടിയില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്.