കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂടുതൽ പ്രക്ഷോഭത്തിലേക്ക്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കണ്ണൂരിലെത്തിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൻമാർ. ഇക്കാര്യം കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുന്നതിന്റെ ഭാഗമായി ഡിസിസിയുടെ അടിയന്തരയോഗം തുടങ്ങി. ശുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദുമായി ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു. എന്താവശ്യത്തിനും തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏതുകാര്യത്തിനും കോൺഗ്രസ് പ്രസ്ഥാനം കൂടെയുണ്ടാകുമെന്നും ധീരനായ ശുഹൈബിന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് ആവേശമാണെന്നും രാഹുൽഗാന്ധി ഫോണിലൂടെ പറഞ്ഞു.
കൊലപാതകം നടന്നിട്ട് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എസ്പി ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 22ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ കുടുംബസഹായ ഫണ്ട് സ്വരൂപിക്കാനും തീരുമാനമായിട്ടുണ്ട്. മൃഗീയമായ കൊലപാതകം സിഐയുടെ മേൽനോട്ടത്തിൽ മാത്രം അന്വേഷണം നടത്തുന്നത് പോലീസിന്റെ അലംഭാവമാണ് വ്യക്തമാക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.