സെഞ്ചൂറിയൻ: സെഞ്ചൂറിയനിലും ടീം ഇന്ത്യ വെന്നിക്കൊടി പറിച്ചു. നായകൻ വിരാട് കോഹ്ലി വീണ്ടും വീണ്ടും സെഞ്ചുറി കുറിച്ച മത്സരത്തിൽ എട്ടു വിക്കറ്റുകൾക്കാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചത്. ആതിഥേയർ ഉയർത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 32.1 ഓവറിൽ 107 പന്ത് ശേഷിക്കെ മറികടന്നു. സ്കോർ: ദക്ഷിണാഫ്രിക്ക- 204, ഇന്ത്യ- 206/2.
ഇതോടെ ആറു മത്സര പരന്പര ഇന്ത്യ 5-1ന് സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരന്പര സ്വന്തമാക്കുന്നത്. വിരാട് കോഹ്ലി 96 പന്തിൽ 129 റണ്‍സുമായി പുറത്താകാതെനിന്നു. 81 പന്തിൽനിന്നാണു കോഹ്ലി സെഞ്ചുറി തികച്ചത്.
പരന്പരയിൽ മൂന്ന്, ഏകദിനത്തിൽ 35*
ഏകദിന പരന്പരയിലെ ആറാം മത്സരത്തിൽ തന്റെ മൂന്നാം സെഞ്ചുറി കുറിച്ച ഇന്ത്യൻ നായകൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡിനോട് ഒരുപടികൂടി അടുത്തു. കരിയറിലെ 35-ാം സെഞ്ചുറിയാണ് കോഹ്ലി സെഞ്ചൂറിയനിൽ കുറിച്ചത്. സച്ചിന്റെ അക്കൗണ്ടിൽ 49 ഏകദിന സെഞ്ചുറികളാണുള്ളത്.
അവസാന ഏകദിനത്തിലെ സെഞ്ചുറിയോടെ കോഹ്ലിയുടെ പരന്പരയിലെ റണ്‍നേട്ടം 558 ആയി. പരന്പരയിലെ ഒന്നാം മത്സരത്തിലും മൂന്നാം മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. 112, 46*, 160*, 75, 36, 103* എന്നിങ്ങനെയാണ് ഏകദിന പരന്പരയിലെ കോഹ്ലിയുടെ സ്കോർ. ടെസ്റ്റ് പരന്പരയിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് പരന്പര അടിയറവുവച്ച ഇന്ത്യൻ ടീമാണ് ദക്ഷിണാഫ്രിക്കയെ നാട്ടിൽ 5-1ന് പരാജയപ്പെടുത്തുന്നത്.
ബൗളിംഗ് എക്സ്പ്രസിലേക്ക് ശാർദുലും (52/4)
നേരത്തെ, പരന്പരയിൽ ആദ്യമായി ലഭിച്ച അവസരം മുതലാക്കിയ ശാർദുൽ താക്കൂറിന്റെ പേസിനു മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. 46.5 ഓവറിൽ 204 റണ്‍സിന് ആതിഥേയർ എല്ലാവരും പുറത്തായി. ശാർദുൽ 52 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. ഖായ സോണ്ടോ(54) ആണ് ആതിഥേയരുടെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 23ൽ കഴിഞ്ഞ മത്സരത്തിലെ താരം ഹാഷിം അംല(10)യെ നഷ്ടപ്പെട്ടു. ശാർദുൽ താക്കൂറിനായിരുന്നു വിക്കറ്റ്. പിന്നാലെ ശാർദുലിനുതന്നെ വിക്കറ്റ് നൽകി നായകൻ എയ്ഡൻ മാർക്രവും(24) മടങ്ങി. ഇതിനുശേഷം എ.ബി.ഡിവില്ല്യേഴ്സും ഖായ സോണ്ടോയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 105ൽ ഡിവില്ല്യേഴ്സ്(30) ചാഹലിന്റെ മുന്നിൽ വീണു. മൂന്നാം വിക്കറ്റിൽ ഇവർ 62 റണ്‍സ് കൂട്ടിച്ചേർത്തു. അർധസെഞ്ചുറി നേടിയതിനു പിന്നാലെ സോണ്ടോയും ചാഹലിന് ഇരയായി മടങ്ങി.
അവസാന ഓവറുകളിൽ ആൻഡൈൽ ഫെലുക്വായോ നടത്തിയ മിന്നലടികളാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. 42 പന്തിൽ രണ്ടു ബൗണ്ടറികളും രണ്ടു സിക്സറും അടക്കം 34 റണ്‍സ് നേടിയ ഫെലുക്വായോയെ ശാർദുൽ താക്കൂർ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനു തിരശീല വീണു. ശാർദുലിന്റെ നാലു വിക്കറ്റിനു പുറമേ യുസ്വേന്ദ്ര ചാഹൽ ജസ്പ്രീത് എന്നിവർ രണ്ടു വിക്കറ്റ് നേടി. കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.
ഹിറ്റ്മാൻ പോയി, നായകനു കൂട്ടായി രഹാനെ (34*)
വിജയംലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽത്തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ രോഹിത് ശർമ(15)യെ നഷ്ടപ്പെട്ടു. തുടർന്നെത്തിയ നായകൻ കോഹ്ലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും സ്കോർ 80ൽ ശിഖർ ധവാനും വീണു. ഇതിനുശേഷമായിരുന്നു ഇന്ത്യയുടെ വിജയം നിർണയിച്ച് കോഹ്ലി-രഹാനെ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് പിരിയാത്ത മൂന്നാം വിക്കറ്റിൽ 126 റണ്‍സ് കൂട്ടിച്ചേർത്തു. 34 റണ്‍സായിരുന്നു രഹാനെയുടെ സംഭാവന.