ഉത്തര്‍പ്രദേശില്‍ ദളിത് സ്ത്രീക്കു നേരെ സവര്ണന് കണ്ണിറുക്കി, ജാതി പറഞ്ഞ് കളിയാക്കി… പത്രങ്ങളില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നാല്‍ കേരളത്തിലെ ഇടതു ബുദ്ധിജീവികളും സാംസ്കാരിക നായകരെന്ന് വിളിക്കുന്നവരും പ്രതിഷേധ കോലാഹലങ്ങളും തുടങ്ങുകയായി. ഫാസിസത്തിന്റെ വരവ് നമ്മുടെ അടുക്കളയിലും കയറിപ്പറ്റി… പിന്നെ വാചക കസര്‍ത്തുകളുടെ ഘോഷയാത്രയാണ്. വലിയ പ്രെഫസര്മാരെന്ന് സ്വയം നടിക്കുന്നവരും ആസ്ഥാന കവികളെന്ന് കുരിപ്പുഴയിലെ വലിയ കാരണവരുമെല്ലാം പിന്നെ ഫാസിസത്തിന്റെ പുറകെയാണ്. ആവിഷ്കാര സ്വാതന്ത്രത്തിന്റെ ദീപനാളം പേറുന്നവര്‍ നെടുങ്കന്‍ ലേഖനങ്ങളെഴുതും പീപ്പിയൂതി പ്രതിഷേധിക്കുന്ന മറ്റു ചിലരുമുണ്ട്. അഭിപ്രായ സ്വാതന്ത്രത്തിന് വെല്ലുവിളി ഉയരുമ്പോള്‍ (സോറി കേരളത്തിലല്ല, ഉത്തരേന്ത്യയില്‍ മാത്രം) തുണിയൂരി പ്രതിഷേധിക്കും. സിനിമയിലെ നാട്യം തെരുവിലും അവാര്‍ഡ് സിനിമകളെ വെല്ലും പോലെ ഭംഗിയായി അവതരിപ്പിക്കും ഇക്കൂട്ടര്‍.
അടുത്ത കാലം വരെ മലയാളികളും വിചാരിച്ചിരുന്നത് ഇവരെല്ലാം ഫാസിസത്തിന് എതിരേ പ്രസംഗിക്കുന്നതും എഴുതുന്നതും തെരുവില്‍ തുണിയൂരുന്നതും ആത്മാര്ഥതയോടെയാണെന്നാണ്. എന്നാല്‍ കണ്ണൂരില്‍ ഒരു ചെറുപ്പക്കാരനെ കാലിയെ കശാപ്പ് ചെയ്യുന്ന പോലെ വെട്ടിക്കൂട്ടിയപ്പോഴും സിപിഎം ലോക്കല്‍ സെക്രട്ടറി ഗര്‍ഭിണിയുടെ വയറില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെ കൊന്നപ്പോഴും ഇവര്‍ മൗനിബാബകളായിരുന്നു. രണ്ടുണ്ട് കാരണം, പ്രതിസ്ഥാനത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും അണികളുമായിരുന്നു. മറുവശത്ത് ഹിന്ദു തീവ്രവാദികളുടെ നിഴലാട്ടം പോലുമില്ലായിരുന്നു. 51 വെട്ടിന്റെ പേടിയുള്ളതിനാലും സ്ഥാനമാനങ്ങള്‍ കൈവിട്ടു പോകുമെന്നതിനാലും അവര്‍ സൗകര്യപൂര്‍വം ഒരു കണ്ണടച്ച് ഉത്തരേന്ത്യയിലേക്ക് നോക്കി.
പ്രിയ അലന്‍സിയര്‍, ദീപ നിശാന്ത്, കുരീപ്പുഴ ശ്രീകുമാര്‍… പിന്നെ ബുദ്ധിജീവി പരിവേഷം കല്പിച്ച് നല്കിയ ഒരുകൂട്ടം സാംസ്കാരിക നായകരെ. നിങ്ങളോട് ഒരു ചോദ്യം. നട്ടെല്ലു നിവര്‍ത്തിപ്പിടിച്ച് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി, എതിരാളികളെ കൊന്നൊടുക്കുന്ന ചോരക്കൊതിയെപ്പറ്റി പ്രതികരിക്കാന്‍ ശേഷിയുണ്ടോ? അതോ മൈലുകള്‍ക്കപ്പുറത്തെ കക്കൂസ് രാഷ്ട്രീയത്തെപ്പറ്റി മാത്രമേ നിങ്ങള്‍ ശബ്ദിക്കുകയുള്ളോ?