ന്യൂഡൽഹി/മുംബൈ: നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പ് ഇന്ത്യൻ ബാങ്കിംഗിലെ അപായസാധ്യത വെളിച്ചത്തു കൊണ്ടുവന്ന സംഭവമായി എന്നു വ്യവസായി സംഘടനയായ അസോചം (അസോസ്യേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ്). ഒരു ഡെപ്യൂട്ടി മാനേജർക്ക് പതിനായിരക്കണക്കിനു കോടി രൂപയുടെ ബാധ്യത ബാങ്കിന് ഉണ്ടാക്കിവയ്ക്കാവുന്ന കൃത്രിമം നടത്താൻ പറ്റുന്നു. അതു വർഷങ്ങളോളം തുടർന്നിട്ടും കണ്ടെത്തുന്നില്ല. ഇത് അപായകരമായ സൂചനയാണു നല്കുന്നതെന്ന് അസോചം പ്രസ്താവനയിൽ പറഞ്ഞു.
രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് ബാങ്ക് ആയ ബേറിംഗ്സ് ബാങ്കിനെ 1995ൽ ഇല്ലാതാക്കിയത് 28 വയസുള്ള ഒരു ഡെറിവേറ്റീവ് ട്രേഡറാണ്. നിക്ക് ലീസൺ എന്ന ഡെറിവേറ്റീവ് വ്യാപാരി ബാങ്കിനു ശതകോടി പവൻ നഷ്ടം വരുത്തുന്ന ഇടപാട് നടത്തി. ബാങ്ക് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി.
ഒന്നേകാൽ നൂറ്റാണ്ടു പഴക്കമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന് ആയിരക്കണക്കിനു കോടി രൂപയുടെ ബാധ്യത വരുത്തിവച്ചത് ഗോകുൽനാഥ് ഷെട്ടി എന്ന ഡെപ്യൂട്ടി മാനേജരും മനോജ് ഖരാട് എന്ന ജീവനക്കാരനും കൂടിയാണ്.
ഇവർ ബാങ്ക് അറിയാതെ ബാങ്കിന്റെ വക സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) തയാറാക്കി നീരവ് മോദിയുടെ ആൾക്കാർക്കു നല്കി. അവർ അതു മറ്റു ബാങ്കുകളിൽ കാണിച്ച് ഹ്രസ്വകാല വായ്പകൾ സംഘടിപ്പിച്ചു. കാലാവധിയാകുന്പോൾ പണം അടച്ചു പോന്നു. ഇത് ഏഴു വർഷം തുടർന്നിട്ടും ആരും അറിഞ്ഞില്ല.
ഷെട്ടി റിട്ടയർ ചെയ്തശേഷം സമാനരീതിയിൽ സമ്മതപത്രം വാങ്ങാൻ വന്നപ്പോഴാണ് കള്ളി വെളിച്ചത്തായത് എന്നാണു ബാങ്ക് ഇപ്പോൾ പറയുന്നത്. വിശ്വസനീയമല്ലെങ്കിലും ഈ കഥയാണു ശരിയെന്നു കണക്കാക്കേണ്ട സ്ഥിതിയാണുള്ളത്.
1992ൽ ഹർഷദ് മേത്ത ഓഹരിവിപണിയിൽ വലിയ കളികൾ നടത്തിയതും ഇങ്ങനെ ബാങ്കുകളുടെ പണം ഉപയോഗിച്ചാണ്. ബാങ്കുകൾ തമ്മിൽ കടപ്പത്രങ്ങൾ വാങ്ങാനും വിൽക്കാനും നല്കുന്ന തുക നാലാഴ്ച വരെ തിരിമറി നടത്താൻ പറ്റുന്ന ഒരു മാർഗം മേത്ത കണ്ടുപിടിച്ചു. പല ബാങ്കുകളുടെ കടപ്പത്ര കൈമാറ്റങ്ങൾക്ക് ഇടനില നിന്നു കിട്ടുന്ന പണം ഓഹരികളിൽ മുടക്കി, ഓഹരികൾ ലാഭത്തിൽ വിറ്റ് ബാങ്കിനു പണം നല്കുകയാണ് മേത്ത ചെയ്തത്.
അത് ബിസിനസ് വൈരികൾ പൊട്ടിച്ചപ്പോൾ മേത്ത ജയിലിലായി. ബാങ്കുകൾക്ക് ആയിരക്കണക്കിനു കോടി രൂപ നഷ്ടമായി. ഓഹരിവിപണിയിൽ സാധാരണക്കാരുടെ അനേകായിരം കോടി രൂപ പൊളിഞ്ഞു. ഗോകുൽനാഥ് ഷെട്ടിക്ക് ഒരേ ശാഖയിൽ ഒരേ തസ്തികയിൽ ഏഴു വർഷം തുടരാൻ സാധിച്ചതടക്കം നിരവധി കാര്യങ്ങളിൽ ദുരൂഹതയുണ്ട്. ആരാണ് ഇതനുവദിക്കാൻ സഹായിച്ചതെന്നു തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുന്നു.