തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തന്നെ പരിഗണിക്കേണ്ടതില്ലെന്നു കോണ്ഗ്രസ് നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് എഐസിസി സെക്രട്ടറിയും ചെങ്ങന്നൂരിൽ നിന്നുള്ള മുൻ നിയമസഭാംഗവുമായ പി.സി. വിഷ്ണുനാഥ്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപിച്ചിരിക്കുകയാണ്. അടുത്ത മാസം കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ പാർട്ടി എൽപിച്ച ചുമതല പൂർത്തിയാക്കേണ്ടതുണ്ട്. മൂന്നു തവണ വിജയിപ്പിച്ച ചെങ്ങന്നൂരിലെ ജനങ്ങളോടു നന്ദിയും കടപ്പാടുമുണ്ട്. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് പരാജയപ്പെട്ടത്- വിഷ്ണുനാഥ് പറഞ്ഞു.
ചെങ്ങന്നൂരിന്റെ എംഎൽഎയായിരുന്ന രാമചന്ദ്രൻനായരുടെ അപ്രതീക്ഷിത വിയോഗമാണ് ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്. സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ ചെങ്ങന്നൂരിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.