ന്യൂഡല്‍ഹി: മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയാ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും യാഥാസ്ഥിതിക മതവാദികളുടെ ഉറക്കം കളയാന്‍ തുടങ്ങിയിട്ട് കുറേ ദിവസമായി. ലോകം മുഴുവന്‍ പാട്ട് ഏറ്റെടുത്ത് വൈറലാക്കുമ്പോള്‍ എങ്ങനെയും പാട്ട് നിരോധിക്കാനുള്ള പടപ്പുറപ്പാടിലാണ് ഇക്കൂട്ടര്‍. ഇപ്പോള്‍ പ്രിയ പ്രകാശ് വാര്യരുടെ വൈറലായ കണ്ണടയ്ക്കലിനെതിരെ റാസ അക്കാദമി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
ഗാനരംഗത്തിനെതിരെ ഹൈദരാബാദ് പോലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനിക്ക് റാസ അക്കാദമി കത്തയച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രവാചകന് മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും അപമാനിക്കുന്നതാണ് ഗാനരംഗമെന്നതാണ് ഇവരുടെ പരാതി. രാജ്യത്തെ കൂടുതല്‍ വിവാദങ്ങളില്‍ പെടുത്താതിരിക്കാന്‍ ഗാനരംഗം വെട്ടിക്കളയാന്‍ സെന്‍സര്‍ ബോര്‍ഡിനും സംവിധായകനും അടിയന്തരമായി നിര്‍ദേശം നല്‍കണമെന്നും റഹ്മാനി ഗ്രൂപ്പ് പ്രസിഡന്റ് അസിഫ് സര്‍ദാര്‍ കത്തില്‍ ആവശ്യപ്പെടുന്നു. മുമ്പ് പ്രിയാ പ്രകാശ് വാര്യര്‍ക്കെതിരേ ഒരു മതപണ്ഡിതന് ഫത്വ പുറപ്പെടുവിച്ചിരുന്നു.