മാന്നാർ കുട്ടന്പേരുർ മുട്ടേലിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടേൽ കരിയിൽ വീട്ടിൽ രവിയുടെ ഏകമകൾ വന്ദന (22) ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാ കുറ്റം ചുമത്തിയാണ് കരിയിൽ കളത്തിൽ വീട്ടിൽ സുരേഷ് കുമാറി(36)നെ അറസ്റ്റ് ചെയ്തത്.
സുരേഷ് കുമാറിന്റെ ഭാര്യയുടെ ബന്ധുവായ വന്ദനയും സുരേഷ്കുമാറുമായി അടുപ്പത്തിലായിരുന്നുവെന്നും കഞ്ചാവ് വില്പനയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ വില്പനയ്ക്കായി വന്ദനയേയും ഉപയോഗിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ, അടുത്ത നാളിൽ ഇരുവരും അകന്നതോടെ സുരേഷിനു വൈരാഗ്യമായി.
ശിവരാത്രി ദിനത്തിൽ എറണാകുളത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു തിരികെ വരുന്ന വഴി പ്രതി യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, ഞാൻ തിരികെ അവിടെ എത്തുന്നതിനു മുൻപേ നീ മരിച്ചിരിക്കണമെന്നു പറയുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. അല്ലെങ്കിൽ മാതാപിതാക്കളുൾപ്പെടെ മൂവരെയും ഇല്ലാതാക്കുമെന്നു മുന്നറിയിപ്പും നൽകിയത്രേ. പ്രതി സ്ഥലത്തെത്തുന്പോൾ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ നാട്ടുകാർ തയാറെടുക്കുകയായിരുന്നു.
ഇയാളുടെ കാറിൽ തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. സംസ്കാര ചടങ്ങുകൾക്കും ഇയാൾ മുന്പിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ ലഭിച്ച രഹസ്യ സൂചനകളെ തുടർന്ന് സുരേഷിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു സംശയങ്ങൾ ഒന്നും തന്നെയില്ലാതെ വിട്ടയച്ചിരുന്നു.
ഇതിനിടയിൽ മൊബൈൽ ഫോണ് കസ്റ്റഡിയിലെടുത്തു തെളിവുകൾ ശേഖരിച്ചപ്പോൾ ആത്മഹത്യ നടന്ന രാത്രിയിൽ 10 തവണ യുവതിയെ വിളിച്ചിരുന്നതായി കണ്ടെത്തി. ഫോണ് സംഭാഷണങ്ങളും സമാഹരിച്ചു. വെള്ളിയാഴ്ച വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് നടന്ന കാര്യങ്ങൾ ഓരോന്നായി ചോദിച്ചപ്പോൾ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
കഞ്ചാവ് ഗുണ്ടാ അബ്കാരിയുൾപ്പടെ 40 കേസുകളാണ് ഇപ്പോൾ ഇയാൾക്കെതിരേ നിലവിലുള്ളത്. കാപ്പ നിയമപ്രകാരം മുന്പ് അറസ്റ്റിലായിട്ടുണ്ട്. ചെങ്ങന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടർ വിദ്യാധരന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. ശ്രീജിത്ത്, വി.എസ്. പ്രദീപ്, എഎസ് ഐ. തോമസ് എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.