ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ പിന്തുണയിൽ സന്ദേശ ചലച്ചിത്ര നിര്‍മാണത്തിന് മലയാളി സംവിധായകൻ

ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ സഹകരണത്തോടെ സന്ദേശ ചലച്ചിത്ര നിര്‍മാണത്തിനുള്ള തയാറെടുപ്പിലാണ് വിദേശ മലയാളിയായ സംവിധായകന്‍ ജോയ്.കെ.മാത്യു. ഇതാദ്യമായാണ് ഇന്ത്യന്‍ സംവിധായകന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ ചിത്രം നിര്‍മിക്കാന്‍ അവസരം ലഭിക്കുന്നത്. ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ കൂടാതെ ആര്‍എഡിഎഫിന്‍റെയും ബനാനാ ഷെയര്‍ കൗണ്‍സിലിന്‍റെയും സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്.

നടനും എഴുത്തുകാരനും കൂടിയായ ജോയ്.കെ.മാത്യുവിന്‍റെ സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്‍റെയും കംഗാരു വിഷന്‍റെയും ബാനറിലാണ് “ദ ഡിപ്പന്‍ഡന്‍സ്’ എന്ന ഇംഗ്ലീഷ് ചിത്രം പുറത്തിറങ്ങുന്നത്. ഒരു ഇന്ത്യന്‍ സംവിധായകന്‍ ആദ്യമായി ഓസ്ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, വിയറ്റ്നാം, നെതര്‍ലാന്‍ഡ്, ഹംഗറി എന്നീ രാജ്യങ്ങളിലെ സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ധരേയും അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജോയ് കെ.മാത്യു കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ദ ഡിപ്പന്‍ഡന്‍സിന്‍റെ ചിത്രീകരണം ഈ മാസം ആരംഭിക്കും. ക്യൂന്‍സ്‌ലാൻഡ് ബനാന ഷെയര്‍ മേയര്‍ നെവ് ജി ഫെറിയര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ക്യൂൻസ്‌ലാന്‍ഡിലെ വിവിധ സ്ഥലങ്ങളിലായി നടക്കും.

ഏഴോളം സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്യുമെന്‍റെറികളും തിരക്കഥയെഴുതി നിര്‍മിച്ച ചേര്‍ത്തല സ്വദേശിയായ ജോയ്.കെ.മാത്യു സന്ദേശ ചലച്ചിത്ര രംഗത്ത് വേറിട്ട വഴിതുറന്ന സംവിധായകന്‍ കൂടിയാണ്. ഏഴ് സന്ദേശ ചിത്രങ്ങളില്‍ മൂന്നെണ്ണത്തിന്‍റെ സംവിധാനം നിര്‍വഹിച്ചതും അദ്ദേഹമാണ്. മദര്‍ തെരേസയുടെ അനുഗ്രഹം നേരിട്ട് വാങ്ങാനും മദറിനൊപ്പം കഴിഞ്ഞ അനുഭവങ്ങളും കോര്‍ത്തിണക്കി ജോയ്.കെ.മാത്യു രചിച്ച ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ് എന്ന ഡ്യോക്യുമെന്‍ററി ശ്രദ്ധ നേടിയിരുന്നു.

സന്ദേശ ചലച്ചിത്ര രംഗത്ത് നിരവധി പുരസ്കാരങ്ങളും പ്രേക്ഷകരുടെ അംഗീകാരവും നേടിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഇതിനകം ലഭിച്ചിരുന്നു. കലാകാരന്‍ എന്ന നിലയില്‍ ലഭിച്ച വലിയ അംഗീകാരമായാണ് സര്‍ക്കാരിന്‍റെ സഹായത്തെ കാണുന്നതെന്നും ജോയ്.കെ.മാത്യു പറഞ്ഞു. സിനിമ മേഖലയില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭിച്ച ആദ്യ ഇന്ത്യന്‍ സംവിധായകനാകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

വിദേശ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. കൂടുതല്‍ വിദേശ കലാകാരന്മാര്‍ക്ക് ഇനിയും ഇത്തരം അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഓസ്ട്രേലിയയില്‍ കഴിയുന്ന എല്ലാ മലയാളി കലാകാരന്മാര്‍ക്കും ഇത് സാധ്യമാകുമെന്നും അതിനായി പരിശ്രമിക്കണമെന്നും ജോയ്.കെ.മാത്യു പറഞ്ഞു.

ജോയ്.കെ.മാത്യുവിന്‍റെ ഇതുവരെയുള്ള ചലച്ചിത്ര പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ജൂറിയുടെ വിശദമായ വിലയിരുത്തലുകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് സാമ്പത്തിക സഹായത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Related posts