ന്യൂയോര്‍ക്ക്: ചന്ദ്രനിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരിക്കുന്നവര്‍ നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഹാപ്പി ന്യൂസാണ് ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും കേള്‍ക്കുന്നത്. ചൊവ്വയിലേക്കു വരെ പോകാന്‍ പറ്റുന്ന വിധത്തിലുള്ള റോക്കറ്റ് റെഡിയായിരിക്കുന്നു.
ഇതിന്റെ പരീക്ഷണം വന്‍ വിജയം. റോക്കറ്റിന്റെ പേര് ഫാല്‍ക്കണ്‍ ഹെവി. ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എന്നാണിതിനെ ഇപ്പോള്‍ വിളിക്കുന്നത്. ഇതാവട്ടെ 27 എന്‍ജിനുകളാല്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്.
ഭ്രമണപഥത്തിന്റെ താഴ്ന്ന വിതാനത്തില്‍ 1,40,000 പൗണ്ടിനെക്കാള്‍ തൂക്കമുള്ള സാധന സാമഗ്രികള്‍ പൊക്കിക്കൊണ്ടുപോവാനുള്ള ശേഷി ഈ ബൂസ്റ്ററുകള്‍ക്കുണ്ടത്രെ! 12 മീറ്റര്‍ വ്യാസവും 70 മീറ്റര്‍ ഉയരവുമുണ്ട് ഫാല്‍ക്കണ്‍ ഹെവിക്ക്.
റോക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒപ്പിയെടുത്ത് അയച്ചുതരാന്‍ ശേഷിയുള്ള കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.സ്വകാര്യ മേഖലയിലുള്ള ‘സ്‌പേസ് എക്‌സ്’ ആണ് ഈ റോക്കറ്റിന്റെ നിര്‍മാതാക്കള്‍. ഇലോണ്‍ മസ്‌ക് ആണിതിന്റെ സ്ഥാപകനും സിഇഒയും. ബഹിരാകാശ ഉപകരണ നിര്‍മാണ, ബഹിരാകാശ ഗതാഗത സേവന രംഗത്തുള്ള ‘സ്‌പേസ് എക്‌സ്’ ഇത്തരമൊരു റോക്കറ്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി 2011ല്‍ പ്രഖ്യാപിച്ചിരുന്നു. 2013ഓടെ അത് ബഹിരാകാശത്തേക്ക് കുതിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
സര്‍ക്കാര്‍ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റന്‍ റോക്കറ്റ് നിര്‍മിച്ച് പരീക്ഷിക്കുന്നത്. നേരത്തേ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് ഇവര്‍ പരീക്ഷിച്ചിരുന്നു. എന്തായാലും, ഭൂമിയില്‍ മനസമാധാനത്തോടെ ജീവിക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി ചന്ദ്രനും ചൊവ്വയുമൊക്കെ സ്ഥലമൊരുക്കി നിര്‍ത്തിയിട്ട് നാളു കുറെയായി, ഇനി റോക്കറ്റില്ലാത്തതു കൊണ്ട് ആരും പോകാതിരിക്കണ്ട. വേഗം തന്നെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ പങ്കാളിയായിക്കോളൂ… അറിഞ്ഞില്ല, കേട്ടില്ല എന്നൊന്നും ഇനി പറയണ്ട !
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍