പൂക്കളും സമ്മാനങ്ങളും നല്കി യുവാക്കൾ പ്രണയദിനം ആഘോഷിച്ചപ്പോൾ ബംഗാൾ സ്വദേശികളായ ദന്പതികൾ തങ്ങളുടെ ജീവിതം തിരിച്ചു കിട്ടിയതിൽ ദൈവത്തോടു നന്ദി പറയുകയാവും. മരണത്തിന്റെ പടിവക്കിൽവരെയെത്തിയ ഭർത്താവിന്റെ കരൾരോഗത്തിനെതിരേ ധൈര്യത്തോടെ പോരാടിയ മിഥുവാണ് വാർത്തയിലെ താരം. ഭർത്താവ് സുഭാസിന് കരൾരോഗമാണെന്നു തിരിച്ചറിഞ്ഞപ്പോഴും താങ്ങും തണലുമായി ഒപ്പം നിന്നെന്നു മാത്രമല്ല സ്വന്തം കരൾ പകുത്തുനല്കിയാണ് മിഥു ഭർത്താവിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്. അതും കരളിന്റെ 60 ശതമാനത്തോളം പകുത്തു നല്കി!
2015 ജൂണിലാണ് സുഭാസിന് കരൾരോഗമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. കരൾ മാറ്റിവയ്ക്കുന്നതാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ, അനുയോജ്യമായ ദാതാവിനെ ഒരുപാട് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടർന്നാണ് മിഥുതന്നെ തയാറായി മുന്നോട്ടുവന്നത്. ഇരുവരുടെയും പ്രാർഥനപോലെ മിഥുവിന്റെ കരൾ ഭർത്താവിനു ചേരുന്നതായിരുന്നു.
കോൽക്കത്ത എസ്എസ്കെഎം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഒരു വർഷത്തെ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമായിരുന്നു ഇത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയശേഷം ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടു. നിരവധി സന്നദ്ധസംഘടനകൾ ഇരുവരെയും സഹായിക്കാൻ രംഗത്തെത്തിയിരുന്നു. .