വന്പൻ താരനിരയെ ഉൾപ്പെടുത്തി മണിരത്നം ഒരുക്കുന്ന ചെക്ക ശിവന്ത വാനം എന്ന പുതിയ ചിത്രത്തിൽ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശരത് അപ്പാനിയും അഭിനയിക്കുന്നു. ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതായും പിന്നീട് പിന്മാറിയതായും നേരത്തെ വാർത്തകളുണ്ടായിരുന്നു. പിന്നീട് അരുൺ വിജയ് അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. എന്തായാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ശരത് അപ്പാനി അവതരിപ്പിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു.
സണ്ടക്കോഴി 2 എന്ന സിനിമയിൽ ശരത് അപ്പാനി അഭിനയിച്ചിരുന്നു. ശരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ചെക്ക ശിവന്ത വാനം. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് , അരുൺ വിജയ് , അതിഥി റാവു, പ്രകാശ് രാജ് എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ.
ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുൺ വിജയ്യും അഭിനയിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.