ഫുട്ബോൾ താരമായിരുന്ന വി.പി സത്യന്റെ ജീവിതം അടിസ്ഥാനമാക്കി നവാഗതനായ പ്രജേഷ് സെൻ സംവിധാനം ചെയ്ത കാപ്റ്റൻ എന്ന സിനിമയിലെ ജയസൂര്യയുടെ പ്രകടനം വിസ്മയിപ്പിച്ചുവെന്ന് സംവിധായകൻ മിഥുൻ മാനുവൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് മിഥുൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“”കുട്ടിക്കാലത്ത് റേഡിയോ കമന്ററിയിൽ കേരളാ ക്യാപ്റ്റൻ വി പി സത്യന്റെ പേര് കമന്റേറ്റർ തൊണ്ട പൊട്ടുമാറ് അലറിവിളിച്ചത് ഇന്നലെയെന്നതു പോലെ ഓർക്കുന്നു. അന്ന് മനസ്സിൽ പതിഞ്ഞ പേരാണ് സത്യൻ. നായകൻ സത്യൻ. ക്യാപ്റ്റൻ സത്യൻ. അയാളുടെ നമ്മളറിയാത്ത ജീവിതം ആണ് ഈ സിനിമ.
ജയസൂര്യ എന്ന നടൻ വീണ്ടും വിസ്മയിപ്പിക്കുന്നു. ഇതു പോലെ അതിരുകളില്ലാത്ത അഭിനയസാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ ഇനിയും നിങ്ങളെ തേടി വരും. ഉറപ്പ്. സത്യന്റെ അനിതയായി അനു സിത്താരയും നമ്മുടെ മനസിലേക്ക് നടന്നു കയറുന്നു”- മിഥുൻ പറയുന്നു. മികച്ച ചിത്രമൊരുക്കിയതിന് സംവിധായകനേയും അണിയറക്കാരേയും മിഥുൻ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.