മുംബൈ: രാജ്യത്തു പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം നോട്ട് നിരോധനത്തിനു മുന്പുള്ള സംഖ്യയോടടുക്കുന്നു. 17.74 ലക്ഷം കോടി രൂപയുടെ കറൻസിയാണ് 2016 നവംബർ എട്ടിനു രാജ്യത്തു പ്രചാരത്തിലുള്ളതായി കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി ഒന്പതു വെള്ളിയാഴ്ച രാജ്യത്ത് 17.66 ലക്ഷം കോടി രൂപയുടെ കറൻസിയാണ് പ്രചാരത്തിലുള്ളത്. കറൻസി റദ്ദാക്കുന്പോൾ ഉണ്ടായിരുന്നതിന്റെ 99.55 ശതമാനം.
കേവലം എണ്ണായിരം കോടി രൂപയുടെ കറൻസികൂടി മതി 2016 നവംബർ എട്ടിലെ നിലയിലെത്താൻ.ഫെബ്രുവരി ഒന്പതിനവസാനിച്ച ആഴ്ചയിൽ 26,780 കോടി രൂപയുടെ കറൻസിയാണു പ്രചാരണത്തിലേക്കു വന്നത്. ആ തോത് തുടർന്നുവെന്നു കണക്കാക്കിയാൽ ഈയാഴ്ച പ്രചാരത്തിലുള്ളത് കറൻസി റദ്ദാക്കൽ സമയത്തേക്കാൾ കൂടുതൽ മൂല്യമുള്ള കറൻസിയായിട്ടുണ്ട്.
പ്രചാരണത്തിലുള്ള കറൻസി രാജ്യത്തെ സന്പത്തി(ജിഡിപി)ന്റെ പന്ത്രണ്ടു ശതമാനമാണെന്നും ഇത് അസ്വീകാര്യമായ തോതാണെന്നുമാണ് റദ്ദാക്കൽ വേളയിൽ ഗവൺമെന്റ് പറഞ്ഞ്. കൂടുതൽ മൂല്യമുള്ള കറൻസികൾ കള്ളപ്പണക്കാർക്കും കരിഞ്ചന്തക്കാർക്കും ഭീകരർക്കുമാണ് ഇഷ്ടമെന്നും അന്നു പറഞ്ഞിരുന്നു.
ഇപ്പോൾ കറൻസിയുടെ മൂല്യം പഴയതിനോപ്പമായപ്പോൾ ഈ വാദങ്ങളെല്ലാം പൊളിയുകയാണ്. ആയിരത്തിനു പകരം രണ്ടായിരം രൂപയുടെ കറൻസി ഇറക്കിയപ്പോൾതന്നെ സർക്കാരിന്റെ വാദം അർഥരഹിതമായി മാറിയിരുന്നു.ജനങ്ങൾ വൻതോതിൽ ഡിജിറ്റൽ ഇടപാടുകളിലേക്കു മാറിയെന്ന വാദവും ശരിയല്ലെന്നു തെളിഞ്ഞു.