തിരുവനന്തപുരം: വയോധികർക്ക് ഇനി സർക്കാർ ചെലവിൽ ചിരിക്കാം. 60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്കു താഴെയുളളവർക്കു സർക്കാർ കൃത്രിമ ദന്തനിര വച്ചു കൊടുക്കുന്ന പദ്ധതിയായ മന്ദഹാസം ഉടൻ നടപ്പാക്കും. സംസ്ഥാനത്ത് 1,500 പേർക്കാണ് ആദ്യഘട്ടത്തിൽ കൃത്രിമ ദന്തനിര വച്ചുനൽകുന്നത്.
ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ സാമൂഹ്യനീതി വകുപ്പാണ് 75 ലക്ഷത്തോളം രൂപ ചെലവിൽ പദ്ധതി നടപ്പാക്കുന്നത്. ഒരാൾക്കു കൃത്രിമ ദന്തനിര വച്ചുനൽകുന്നതിന് 5,000 രൂപയായിരിക്കും സർക്കാർ നൽകുക. കൃത്രിമ പല്ലുകളുടെ നിലവാരം, തുടർ സേവനം എന്നിവയ്ക്കു ഏകീകൃത മാനദണ്ഡം ഉണ്ടാക്കും. ആറുമാസത്തിനകം ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് സാമൂഹ്യനീതി ഡയറക്ടർ പി.ബി.നൂഹ് പറഞ്ഞു. മുതിർന്ന പൗരന്മാർക്കുണ്ടാകുന്ന പോഷകാഹാരക്കുറവും മറ്റു ശാരീരിക- മാനസിക പ്രശ്നങ്ങളും കറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. മുതർന്നവരിൽ 30 ശതമാനത്തിലധികം പേർക്കും ദന്താരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് കണക്ക്.
സർക്കാർ ആശുപത്രികളിൽ മാത്രം സേവനം ലഭ്യമാക്കുന്ന തരത്തിലായിരുന്നു പദ്ധതിയുടെ രൂപകൽപ്പനയെങ്കിലും വൈകാതെ സ്വകാര്യ ആശുപത്രികളെക്കൂടി ഭാഗമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 11 ജനറൽ ആശുപത്രികൾ, 10 ജില്ലാ ആശുപത്രികൾ, എട്ട് താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ 30 കേന്ദ്രങ്ങളെയായിരുന്നു ആദ്യം പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, സർക്കാർ ആശുപത്രികൾ മാത്രം ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കാൻ സാധിക്കില്ലന്നു കണ്ടതോടെയാണ് സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഗുണഭോക്താവിനു തൃപ്തികരമായ തരത്തിൽ കൃത്രിമ ദന്തനിര വച്ചാൽ മാത്രമേ സ്വകാര്യ സ്ഥാപനങ്ങൾക്കു തുക നൽകൂ. ദന്തനിര വയ്ക്കുന്നതിനു മുന്നോടിയായി പല്ല് പറിക്കാനും മറ്റുമുള്ള ചെലവുകൾ സ്ഥാപനംതന്നെ വഹിക്കണം. പല്ല് സെറ്റ് വച്ചതിശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിനെ സമീപിച്ചു വേണം സ്ഥാപനം തുക കൈപ്പറ്റാൻ.
മന്ദഹാസം പദ്ധതിയിൽ പങ്കാളികളാകുന്നതിനു യോഗ്യതയുള്ള സ്വകാര്യ ഡെന്റൽ കോളജുകൾ, ദന്തചികിത്സാ കേന്ദ്രങ്ങൾ എന്നിവയിൽനിന്നു സാമൂഹ്യനീതി വകുപ്പ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതതു ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് അപേക്ഷ നൽകണം. വിദഗ്ധ സമിതി സ്ഥാപനങ്ങൾ സന്ദർശിച്ച വിലയിരുത്തിയ ശേഷമായിരിക്കും ലിസ്റ്റ് ചെയ്യുക. സ്വകാര്യ ആശുപത്രികൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്.
ഗുണഭോക്താക്കളെ കണ്ടെത്താനായി സർക്കാർ അപേക്ഷ ക്ഷണിച്ചെങ്കിലും പകുതിയോളം അപേക്ഷ മാത്രമാണ് ഇതുവരെ ലഭിച്ചത്. താൽപര്യമുള്ളവർക്ക് ഇനിയും അപേക്ഷിക്കാം. അപേക്ഷാ മാതൃകയും മറ്റു വിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണു സമർപ്പിക്കേണ്ടത്. അപേക്ഷകരിൽ ഏറ്റവും പ്രായം കൂടിയ ആൾക്ക് ഒന്നാമത്തെ പരിഗണന ലഭിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ, സാമൂഹ്യനീതി ഓഫീസർ, സർക്കാർ ദന്തിസ്റ്റ് എന്നിവരടങ്ങുന്ന സമിതിയാകും അർഹരായവരെ തെരഞ്ഞെടുക്കുക. തുടർന്ന് സാമൂഹ്യനീതി ഓഫീസർ നൽകുന്ന അനുമതി പത്രവുമായി ഗുണഭോക്താവിനു ലിസ്റ്റിൽപെട്ട സ്ഥാപനത്തിൽ പോയി പല്ലുകൾ വയ്ക്കാം.
ആർക്കൊക്കെ പല്ല് ലഭിക്കും
തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 60 വയസു തികഞ്ഞവർ, പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവർ എന്നിവർക്കാകും പദ്ധതിയുടെ ഗുണം ലഭിക്കുക. ഭാഗികമായി മാത്രം പല്ലുകൾ മാറ്റിവയ്ക്കാൻ ആനുകുല്യം ലഭിക്കില്ല.
യോഗ്യത നേടിയ ഡെന്റിസ്റ്റ് നൽകിയ നിശ്ചിത ഫോമിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ്, ദാരിദ്ര്യ രേഖയ്ക്കു താഴെയാണെന്നു തെളിയിക്കാനുള്ള രേഖ, വയസു തെളിയിക്കുന്ന രേഖ എന്നിവയാണ് അപേക്ഷകൻ ഹാജരാക്കേണ്ടത്. മുതിർന്നവർക്കു വേണ്ടിയുള്ള സർക്കാർ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാർക്കു പ്രത്യേക പരിഗണന നൽകും.
റിച്ചാർഡ് ജോസഫ്