ചെന്നൈ: രാഷ്ട്രീയപാർട്ടിയുമായി മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച് സിനിമാതാരം കമൽഹാസൻ ഇന്നലെ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയെയും സൂപ്പർതാരം രജനീകാന്തിനെയും സന്ദർശിച്ചു. ആദ്യം രജനീകാന്തിനെയാണു പോയസ് ഗാർഡനിലുള്ള വസതിയിലെത്തി കമൽ സന്ദർശിച്ചത്. ഇന്നലെ രാത്രി കരുണാനിധിയെ വസതിയിലെത്തി കമൽഹാസൻ സന്ദർശിച്ചു. ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ കമലിനെ സ്വീകരിച്ചു.
ഫെബ്രുവരി 21നു തന്റെ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും അതിനുമുന്പ് ഇഷ്ടമുള്ളവരെ സന്ദർശിച്ചുവരികയാണെന്നും കമൽഹാസൻ പറഞ്ഞു. . തന്റെ സുഹൃത്തിനെ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നല്കുമാറാകട്ടെയെന്നു പ്രാർഥിക്കുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം രജനീകാന്ത് പറഞ്ഞു. പണത്തിനോ അധികാരത്തിനോ അല്ല എന്റെ സുഹൃത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.
സിനിമയിൽ ഞങ്ങൾക്ക് ഇരുവർക്കും പ്രത്യേക ശൈലിയുണ്ട്. അതിനാൽ, രാഷ്ട്രീയത്തിലും അതേ ശൈലിയാണ് അഭികാമ്യം-രജനീകാന്ത് കൂട്ടിച്ചേർത്തു. രജനീകാന്തും കമൽ ഹാസനും, തങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം രജനീകാന്തും കരുണാനിധിയെ സന്ദർശിച്ചിരുന്നു.
രജനീകാന്തിന്റെ നിറം താമരയുടെ നിറമാണെങ്കിൽ സഖ്യത്തെക്കുറിച്ച് ആലോചിക്കുകപോലും വേണ്ടെന്നാണ് കമൽഹാസൻ നേരത്തേ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണ് രജനീകാന്തിനുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവരെ കമൽഹാസൻ നേരത്തേ സന്ദർശിച്ചിരുന്നു.