കണ്ണൂർ: വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഇടതു സ്ഥാനാർഥിയെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകർ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ്-ബിയുടെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിൽ മാന്യതയും ആദർശവും നഷ്ടപ്പെടുകയാണ്. ഇതു വീണ്ടെടുക്കാനുള്ള സാഹചര്യം യുവാക്കൾ സൃഷ്ടിക്കണം. തെറിപറഞ്ഞു പലരും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നു.
എകെജി, ഉമ്മൻ ചാണ്ടി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്. അതിന്റെ പേരിൽ വ്യക്തിഹത്യ നടത്തരുത്. പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമാണോ കേരളത്തിലുള്ളതെന്നും പിള്ള ചോദിച്ചു.