ചാരുംമൂട്: ഉത്സവ സ്ഥലത്തെ തിരക്കിനിടയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച യുവതിയെ പോലീസ് നിമിഷങ്ങൾക്കുള്ളിൽ പൊക്കി. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് പോലീസ് പിടിയിലായത്. തമിഴ്നാട് കോയന്പത്തൂർ സിങ്കനല്ലൂർ മാരിയമ്മൻ തെരുവിൽ ഡോർ നന്പർ പത്തിൽ മല്ലിക (21) നെയാണ് നൂറനാട് പോലീസ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
നൂറനാട് എരുമക്കുഴി മംഗളാകുറ്റിയിൽ നാരായണന്റെ ഭാര്യ കൗസല്യയുടെ കഴുത്തിൽ കിടന്ന മൂന്നു പവന്റെ മാലയാണ് ഇവർ അപഹരിച്ചത്. നൂറനാട് മറ്റപ്പള്ളി കരിമാൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി പത്തോടെ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്പിൽ തൊഴുതു നിന്ന കൗസല്യയുടെ മാല സമീപത്തു നിന്ന മല്ലിക അതി വിദ്ഗദ്ധമായി പൊട്ടിച്ചെടുക്കുകയായിരുന്നു.
തൊഴുതു കഴിഞ്ഞപ്പോൾ കൗസല്യ കഴുത്തിൽ ശ്രദ്ധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയും തുടർന്ന് വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുകയുമായിരുന്നു. അടുത്തു നിന്ന സ്ത്രീയുടെ മുഖം വീട്ടമ്മ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. തുടർന്ന് പോലീസ് ക്ഷേത്ര പരിസരത്ത് അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ചെടുത്ത മാല കണ്ടെടുത്തു.
പിടിയിലായ യുവതി നിരവധി മോഷണക്കേസുകളിലെ പ്രധാന കണ്ണിയാണെന്നും ഇവർക്കെതിരെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജു പറഞ്ഞു. സബ് ഇൻസ്പെക്ടർ എം.ശ്രീധരൻ, അഡീഷനൽ സബ് ഇൻസ്പെക്ടർ പൊന്നപ്പൻ, പോലീസ് ഓഫീസർമാരായ പ്രസന്നകുമാർ, രജനി എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.