ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശർമയുടെ ജീവിതം ഷാരൂഖ് ഖാൻ അഭ്രപാളിയിൽ അവതരിപ്പിക്കും. സല്യൂട്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനുവേണ്ടി റോണി സ്ക്രൂവാലയും സിദ്ധാർഥ് റോയി കപൂറും കിംഗ് ഖാനെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ ഒരു ചടങ്ങിൽ ഈ ചിത്രത്തെക്കുറിച്ച് ഷാരൂഖ് ഖാൻ സൂചിപ്പിക്കുകയും ചെയ്തു. ഇപ്പോൾ സീറോ എന്ന ചിത്രത്തിന്റെ തിരക്കിലാണെങ്കിലും സെപ്റ്റംബറിൽ സല്യൂട്ടിന്റെ ഷൂട്ടിംഗ് തുടങ്ങണമെന്നാണ് ഖാന്റെ ആഗ്രഹം.
പിന്നീട് ഡിസംബറിൽ റിലീസ് ചെയ്യാനിരിക്കുന്ന സീറോയുടെ പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കുവേണ്ടി സല്യൂട്ടിന്റെ ഷൂട്ടിംഗ് നിർത്തിവയ്ക്കും. പിന്നീട് 2019 ജനുവരിയിൽ വീണ്ടും ചിത്രീകരണം തുടങ്ങാനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷംതന്നെ സല്യൂട്ടിന്റെ റിലീസ് ഉണ്ടാകും. നേരത്തെ സല്യൂട്ടിലേക്ക് ആമിർഖാനെയായിരുന്നു പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.