വടക്കഞ്ചേരി: മയിലുകൾ പെരുകുന്നത് വനപ്രദേശം നശിച്ച് പൊന്തക്കാടുകൾ വ്യാപകമാകുന്നതിന്റെ സൂചനകളാണെന്നു വനംവകുപ്പ്. ഇതു വരൾച്ചയ്ക്കും വഴിവയ്ക്കും. അധികം ഉയരമില്ലാത്ത മരങ്ങളുള്ള പുല്ലും പടർപ്പുകളും കൂടുതലുള്ള സ്ഥലങ്ങളാണ് മയിലുകളുടെ സ്വൈര്യവിഹാരകേന്ദ്രങ്ങൾ.
ഇത്തരം ഭൂപ്രദേശങ്ങൾ മിക്കവാറും ജനവാസകേന്ദ്രങ്ങൾക്ക് സമീപത്താകും.
ഇതുകൊണ്ടാണ് കർഷകന്റെ ശത്രുതാപട്ടികയിലേക്ക് മനോഹരമായ മയിലുകളും കയറിക്കൂടാൻ കാരണമാകുന്നത്. തീറ്റകിട്ടാനുള്ള സൗകര്യത്തിനു മയിലുകൾ കൃഷിയിടങ്ങളോടു ചേർന്ന കുറ്റിക്കാടുകളാണ് താമസയോഗ്യമാക്കുന്നത്. ഈയടുത്ത കാലങ്ങളിലായി കരപാടങ്ങളിലും തോട്ടങ്ങളിലും പറന്പുകളിലുമെല്ലാം മയിൽശല്യം രൂക്ഷമാണ്. കൂട്ടമായാണ് ഇവയുടെ സഞ്ചാരം.
ഒരു കൂട്ടത്തിൽതന്നെ കുട്ടികൾ ഉൾപ്പെടെ പത്തും പതിനഞ്ചും മയിലുകളുണ്ടാകുമെന്ന് പറയുന്നു. ഇവ ഒന്നിച്ച് കൃഷിയിടത്തിലിറങ്ങിയാൽ അവിടം വെളുപ്പിക്കും. കിഴങ്ങുവർഗങ്ങളാണ് മയിലുകൾക്ക് താത്പര്യം. പാന്പ്, മറ്റ് ഇഴജന്തുക്കളും ഇഷ്ടഭോജ്യമാണ്. വന്യമൃഗ സംരക്ഷണനിയമങ്ങൾ കർശനമായതും വനപാലകരുടെ നിരീക്ഷണവും കാട്ടുമൃഗങ്ങൾ പെരുകാൻ കാരണമാകുന്നുണ്ട്. ഇതുമൂലം വേട്ടസംഘങ്ങളും കുറഞ്ഞിട്ടുണ്ട്.