ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ട്വന്റി- 20യിൽ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനത്തിനിടെ എം.എസ്. ധോണി ഒരു റിക്കാർഡ് സ്വന്തമാക്കി. റീസ് ഹെൻഡ്രിക്സിനെ കൈക്കുള്ളിലാക്കിയ ധോണി ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ വിക്കറ്റ് കീപ്പറെന്ന റിക്കാർഡാണ് സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാറിന്റെ പന്തിലായിരുന്നു ക്യാച്ച്. 275 ട്വന്റി-20 മത്സരങ്ങളിൽ മുൻ ഇന്ത്യൻ നായകന്റെ 134-ാമത്തെ ക്യാച്ചായിരുന്നു അത്.
ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ പേരിലുണ്ടായിരുന്ന 254 ട്വന്റി-20യിൽ 133 ക്യാച്ചാണ് ധോണി മറികടന്നത്. ഇന്ത്യയുടെ ദിനേശ് കാർത്തിക് (227 കളിയിൽ 123 ക്യാച്ച്), പാക്കിസ്ഥാന്റെ കമ്രാൻ അക്മൽ (211 കളിയിൽ 115 ക്യാച്ച്), വെസ്റ്റ് ഇൻഡിസീന്റെ ദിനേഷ് രാംദിൻ (168 കളിയിൽ 108 ക്യാച്ച്) എന്നിവരാണ് പിന്നിലുള്ളത്.
അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയതിന്റെ റിക്കാർഡും ധോണിയുടെ പേരിലാണ്. 87 കളിയിൽ 77 പുറത്താക്കലുകളാണ് മുൻ നായകന്റെ പേരിലുള്ളത്. ഇതിൽ 48 ക്യാച്ചും 29 സ്റ്റംപിംഗുമാണ്. ആകെ 495 മത്സരങ്ങളിൽ 775 പുറത്താക്കലുകൾ ഉള്ള ധോണി, ദക്ഷിണാഫ്രിക്കയുടെ മാർക് ബൗച്ചർ, ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് എന്നിവർക്കു പിന്നിൽ മൂന്നാമതാണ്.