കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനു മറയിടാനാണെന്ന് ആര്‍എംപിഐ നേതാവ് കെ.കെ. രമ. സമൂഹത്തിന്റെയും മാധ്യമങ്ങളുടേയും ശ്രദ്ധ തിരിച്ചുവിടാനാണു കൊലപാതകം നടത്തിയത്. ടി.പി. വധക്കേസ് പ്രതികള്‍ക്കു സംഭവത്തിനു പിന്നില്‍ പങ്കുണ്ടെന്നും രമ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സിപിഎമ്മിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത്. സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി സിപിഎമ്മും ഗുണ്ടകളുടെ സങ്കേതമായി പാര്‍ട്ടി ഓഫീസുകളും മാറിയിരിക്കുകയാണ്.
ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന സിപിഎമ്മിന്റെ ദേശീയനേതൃത്വം സംസ്ഥാനത്തെ സിപിഎം അക്രമങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കണം. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നു പാര്‍ട്ടി അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം ദേശീയ നേതൃത്വം വ്യക്തമാക്കണമെന്നും രമ പറഞ്ഞു.