മാന്നാർ: ഉപതെരെഞ്ഞെടുപ്പിന്റെ കാഹളം ഉയരുന്ന ചെങ്ങന്നൂരിൽ ശക്തിതെളിയിക്കാൻ കേരളാകോണ്‍ഗ്രസും രംഗത്തിറങ്ങുന്നു. മുന്നണികളിലൊന്നും ഇല്ലാതെ നിൽക്കുന്ന കേരളാകോണ്‍ഗ്രസിനെ കൂടെ കൂട്ടുവാൻ ചെങ്ങന്നൂരിൽ മുന്നണികൾ തമ്മിൽ മത്സരിക്കുന്നതിനിടയിലാണ് ചെങ്ങന്നൂർ നിയോജകമണ്ഡലം കണ്വൻഷൻ ഇന്ന് ചേരുന്നത്.
വൈകുന്നേരം നാലിന് ലയണ്‍സ് ക്ലബ് ഹാളിൽ ചേരുന്ന കണ്‍വൻഷനിൽ ജോസ് കെ.മാണി എംപി പങ്കെടുക്കുന്നുണ്ട്. ചെങ്ങന്നൂർ മണ്ഡലത്തിൽ എല്ലാ മുണികളും തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള കേരളകോണ്‍ഗ്രസ് ഇന്നത്തെ കണ്‍വൻഷനിലൂടെ ശക്തി തെളിയിച്ച് മുന്നണികളെ ശക്തി അറിയിക്കുവാനാണ്് ശ്രമിക്കുന്നത്.
എന്നാൽ ഒറ്റയ്ക്ക് മത്സരിച്ച് ചെങ്ങന്നൂരിൽ ശകതി തെളിയിക്കണമെന്ന് വാദിക്കുന്ന ഒരു വിഭാഗവും ഇവിടെയുണ്ട്.വെണ്മണിയിൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിനാണ് കേരളാകോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്. വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുകയും ചെയ്തിരുന്നു.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് കേരളാകോണ്‍ഗ്രസിന്റെ പിന്തുണയോടെ എൽഡിഎഫ് നേടിയത്.ചെങ്ങന്നൂരിൽ കോണ്‍ഗ്രസും,സിപിഎം,ബിജെപി എന്നൂ പ്രധാന പാർട്ടികൾ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള പാർട്ടിയാണ് കേരളാകോണ്‍ഗ്രസ്. ഇക്കാര്യങ്ങൾ എല്ലാ മുന്നണികൾക്കും അറിയുകുയം ചെയ്യാം.
ചെങ്ങന്നൂർ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കേരളാ കോണ്‍ഗ്രസിന് അംഗങ്ങളുണ്ട്. ചെങ്ങന്നൂർ ണ്ഡലത്തിലെ 11 ഗ്രാമപഞ്ചായത്തുകളിലും ശക്തമായ നേതൃത്വം കേരളാകോണ്ഗ്രസിനുള്ളതിനാലാണ് എല്ലാ മുന്നണികളും പിന്തുണയ്ക്കായി പിന്നാന്പുറ ശ്രമങ്ങൾ നടത്തി വരുന്നത്.ഇന്നത്തെ യോഗത്തിൽ ഉണ്ടാകുന്ന ചർച്ചകളിൽ ഉയരുന്ന പൊതു വികാരം മാനിച്ചായിരിക്കും മുന്നണി തീരുമാനം ഉണ്ടാകുന്നത്.
ഇതേ തുടർന്ന് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയിൽ മുന്നണി സംബന്ധിച്ച തീരുമാനം ഉണ്ടാകും.ജോസ്.കെ.മാണി, ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ്അരികുപുറം മറ്റ് സംസ്ഥാന നേതാക്കൾ എന്നിവരും ഇന്നത്തെ നിർണ്ണായക യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.അതിനാൽ തന്നെ എല്ലാ മുന്നണികളും ഉറ്റുനോക്കുന്ന കേരളാകോണ്‍ഗ്രസ് യോഗമായി ഇത് മാറും.