കണ്ണൂർ/മട്ടന്നൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂര് ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില് റിമാൻഡിലായ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കും.അറസ്റ്റിലായ സിപിഎം പ്രവർത്തകരായ എം.പി. ആകാശ് (24), റിജിൻ രാജ് (24) എന്നിവരെ ഇന്നലെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിനു വേണ്ടിയുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കി.
വാഹനത്തിന്റെ നന്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ വാഹനത്തിൽ പതിച്ചതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മട്ടന്നൂർ, എടയന്നൂർ, തില്ലങ്കേരി ഭാഗത്തു നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അറസ്റ്റിലായവരിൽ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമോയെന്ന് അന്വേഷണസംഘം തീരുമാനിക്കും. കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
ആകാശിന്റെ ഫേസ് ബുക്ക് പേജിൽ നിറഞ്ഞുനിൽക്കുന്നത് കൊടി സുനിയും മുഹമ്മദ് ഷാഫിയും
തിരുവനന്തപുരം: ശുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ ഫേസ് ബുക്ക് പേജിൽ നിറഞ്ഞുനിൽക്കുന്നത് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും. ഇവരെ ആരാധിക്കുന്ന തരത്തിൽ വീര പരിവേഷമാണ് ഇവരുടെ ഫോട്ടോകളുടെ അടിക്കുറിപ്പായി ആകാശ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രസ്ഥാനത്തിന് വേണ്ടി ജയിലിൽ പോയവർക്ക് അഭിവാദ്യങ്ങളെന്ന് പറഞ്ഞാണ് പല പോസ്റ്റുകളും. നിങ്ങൾ ഒറ്റയ്ക്കല്ല എന്നും ഞങ്ങൾ കൂടെയുണ്ടെന്ന തരത്തിലുള്ള പോസ്റ്റുകളിൽ സിപിഎം സൈബർ പോരാളികളുടെ അഭിവാദ്യങ്ങളുടെ പെരുമഴയാണ്.
ടിപി കേസിലെ മുഹമ്മദ് ഷാഫിയുടെ ജയിലിൽ പോകുന്ന ഫോട്ടോയും പരോളിലിറങ്ങതും അടക്കമുള്ള മുഴുവൻ കാര്യങ്ങളും ഫേസ്ബുക്കിൽ ഫോട്ടോയായും കമന്റായും ആകാശ് രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎം നേതാവ് ധൻരാജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പോസ്റ്റുകളിലെല്ലാം ആകാശിന്റെ രോഷ പ്രകടനങ്ങളുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആകാശിന്റെ വിഡിയോകൾക്ക് വലിയ കൈയ്യടിയാണ് സിപിഎം സൈബറിടം നൽകിയിരിക്കുന്നത്.
കൂത്തുപറന്പ് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്ന് ഫോട്ടോ എടുത്ത വിവാദത്തിൽ പി ജയരാജൻ ശാസിച്ചതടക്കമുള്ള കാര്യങ്ങളും ആകാശ് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്ഗ്രസ്-ആർ.എസ്.എസ് നേതാക്കൾക്കും പ്രവർത്തകർക്കും എന്ന പോലെ ആകാശിന്റെ സൈബർ ഭീഷണി മുതിർന്ന സിപിഎം നേതാവ് വിഎസിനു നേരെയും ഉണ്ടായിട്ടുണ്ട്.
ആലപ്പുഴ സിപിഎം സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയതിനെ വിമർശിച്ചു കൊണ്ട് ആകാശിന്റെ ഭീഷണി വിഎസിനും ടി.പി. ചന്ദ്രശേഖരന്റെ ഗതിവരുമെന്ന് ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു. പാർട്ടിക്കു വേണ്ടി എന്തിനും ഏതിനും താനുണ്ടാകുമെന്ന സൂചനകൾ തന്നെയാണ് ആകാശിന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റിലും. അറസ്റ്റിലായതിനു ശേഷം ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആകാശിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള മെസേജുകൾ നിരവധിയാണ്.
മുഖ്യമന്ത്രിക്കും ജയരാജനുമെതിരേ സുധാകരൻ”കൊല നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ,എല്ലാം അറിഞ്ഞ് പി. ജയരാജൻ’
കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്കും എതിരേ കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മട്ടന്നൂരിൽ ശുഹൈബ് കൊല്ലപ്പെട്ടതെന്നാണ് സുധാകരൻ ആരോപിച്ചിരിക്കുന്നത്. അറസ്റ്റിലായ പ്രതികൾക്ക് മുഖ്യമന്ത്രിയും സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജനുമായി ഉറ്റബന്ധമുള്ളതാണ്.
അവരോടൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ എല്ലാവരും കണ്ടതാണ്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ പി. ജയരാജന്റെ വാക്കിന് ഒരുതരി വിശ്വാസ്യതയുണ്ടെങ്കിൽ അതും ഇതോടെ നഷ്ടപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിന് അകത്ത് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. പിണറായി വിജയന്റെയും പി. ജയരാജന്റെയും സന്തതസഹചാരിയാണ് അറസ്റ്റിലായ ആകാശ്. കൊലപാതകത്തിലെ ഗൂഢാലോചനയിൽ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും കെ. സുധാകരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു.
‘പ്രക്ഷോഭം ശക്തമാക്കുമെന്ന് ഉമ്മൻചാണ്ടി
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്നു രാവിലെ ശുഹൈബിന്റെ വീട് സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്ന പോലീസിന്റെ വെളിപ്പെടുത്തലോടെ സിപിഎമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞു. കൊലപാതകത്തിനു ശേഷം പങ്കില്ലെന്ന് സിപിഎം പതിവ് പോലെ പറയുന്നു. പിണറായിയുടെ പോലീസ് തന്നെയാണ് പ്രതികൾ സി പി എമ്മുകാരാണെന്ന് തുറന്നുകാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 8.15നു വീട്ടിലെത്തിയ ഉമ്മൻ ചാണ്ടി 20 മിനിറ്റോളം ചെലവഴിച്ചാണ് മടങ്ങിയത്.
ശുഹൈബിന് വെട്ടേൽക്കുമ്പോൾ മട്ടന്നൂർ സ്റ്റേഷനിലെ ഫോൺ “ബിസി’
സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ശുഹൈബിന് നേരെയുണ്ടായ അക്രമം മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അറിഞ്ഞത് മുക്കാൽ മണിക്കൂറിന് ശേഷം. ശുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിച്ച ഉടനെ മട്ടന്നൂർ പോലീസിൽ വിവരമറിയിക്കാൻ നാട്ടുകാരും പാർട്ടി പ്രവർത്തകരും നിരന്തരം പരിശ്രമിച്ചെങ്കിലും സ്റ്റേഷനിലെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ഈ സമയമത്രയും സ്റ്റേഷനിലെ ഫോൺ തിരക്കിലായിരുന്നു.
സബ്ഡിവിഷൻ റിപ്പോർട്ട് നൽകുന്ന സമയമായതിനാലാണ് ഫോൺ എൻഗേജ്ഡ് ആയിരുന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.എല്ലാ പോലീസ് സ്റ്റേഷനിലും രാത്രി 10 കഴിഞ്ഞാൽ അതത് ദിവസമെടുത്ത കേസുകൾ, കേസിന്റെ സ്വഭാവരീതി, രാഷ്ട്രീയ സംഘട്ടനം തുടങ്ങിയവയുടെ വിശദാംശങ്ങൾ മേലുദ്യോഗസ്ഥനായ ഡിവൈഎസ്പിയെ ധരിപ്പിക്കണമെന്നാണ് ചട്ടം. 12ന് രാത്രി 10.25ഓടെയാണ് തെരൂരിലെ തട്ടുകടയിൽ ശുഹൈബിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്.
ഈ സമയത്ത് മട്ടന്നൂർ സ്റ്റേഷനിൽ നിന്ന് നിന്ന് സബ്ഡിവിഷൻ റിപ്പോർട്ട് നൽകുകയായിരുന്നു. അന്ന് മട്ടന്നൂർ സ്റ്റേഷൻ പരിധിയിൽ ആറു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഒരു കേസിന്റെ വിവരം മേലധികാരിയെ ധരിപ്പിക്കാൻ ചുരുങ്ങിയത് അഞ്ച് മുതൽ എട്ട് മിനിട്ടു വരെ എടുക്കും. അങ്ങനെ ആറ് കേസുകളെകുറിച്ച് വിശദീകരിക്കാൻ ഏകദേശം 40 മിനിട്ടോളം എടുത്തു. 11.30ഓടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് ശുഹൈബ് മരണമടയുന്നത്.