വെള്ളമുണ്ട: കാടിന്റെ മഹത്വം ഓർമപ്പെടുത്തിക്കൊണ്ട് മറ്റൊരു അന്താരാഷ്ട്രവനദിനം കൂടി നാളെ എത്തുന്പോൾ കാട് സംരക്ഷിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ഫലപ്രദമാകുന്നില്ല. വിവിധ കാലങ്ങളിലായി വനം കയ്യേറിയവരെ ഒഴിപ്പിക്കാൻ ഹൈക്കോടതി നൽകിയ നിർദ്ദേശം പോലും കേവലം നോട്ടീസുകൾ നൽകി കണ്ണിൽ പൊടിയിട്ട് അവസാനിപ്പിക്കുന്ന രീതിയിലാണ് വനസംരക്ഷണ വകുപ്പിന്റെ നടപടികൾ.
കണക്കുകൾ പ്രകാരം ജില്ലയിലെ രണ്ട് വനം ഡിവിഷനുകളിലായി 1977 ന് ശേഷം 1739 ഹെക്ടർ ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് കണക്കുകൾ. നോർത്ത് വയനാട് ഡിവിഷനിൽ 369.74 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനിൽ 1369.29 ഹെക്ടർ ഭൂമിയുമാണ് കൈയ്യേറിയത്. ഇത് പലസമയങ്ങളിലായി വൻകിടക്കാരും ചെറുകിടക്കാരും മുഖ്യധാര രാഷ്ട്രീയക്കാരുടെ നേതൃത്വത്തിൽ ആദിവാസികളും കൈയ്യേറിയിട്ടുള്ളതാണ്.
സംസ്ഥാനത്താകെ ഇത്തരത്തിൽ 7900 ഹെക്ടർ കയ്യേറ്റഭൂമി ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. വയനാട്ടിൽ രണ്ട് ഡിവിഷനുകളിലായി 1142 ഹെക്ടർ കൈയ്യേറ്റങ്ങൾ 1977 ന് ശേഷം നടന്നിട്ടുണ്ടെന്നായിരുന്നു നിഗമനം. വനം വകുപ്പിൽ വന്നുചേർന്ന ഇഎഫ്എൽ, നിക്ഷിപ്ത ഭൂമികളിലെ കൈയ്യേറ്റമുൾപ്പെടെയാണിത്. ആറ് മാസത്തിനുള്ളിൽ നടപടികൾ തുടങ്ങി വനഭൂമി തിരിച്ചു പിടിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.
ഇത് പ്രകാരം വനഭൂമിയിൽ നിന്നും ഒഴിയാൻ ഏഴുമുതൽ പതിനഞ്ചു വിവസം വരെ സമയം അനുവദിച്ചു കൊണ്ട് കൈയ്യേറ്റക്കാർക്ക് നോട്ടീസ് നൽകുകയാണുണ്ടായത്. ഇതിന് ശേഷം ഇവർ ഒഴിയുന്നില്ലെങ്കിൽ നിയമനടപടികളുമായി നീങ്ങാനായിരുന്നു തീരുമാനം. എന്നാൽ വനംവകുപ്പ് സ്വീകരിച്ച നടപടികൾ കോടതിയിൽ വിശദീകരിക്കുന്നതിനായി ഏതാനും കൈയ്യേറ്റക്കാർക്ക് നോട്ടീസ് നൽകിയതൊഴിച്ചാൽ ഒന്നര വർഷം പിന്നിട്ടിട്ടും തുടർ നടപടികളുണ്ടായിട്ടില്ല.’
വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നീക്കങ്ങൾ ആരംഭിച്ചപ്പോൾ തന്നെ വനഭൂമിയിൽ കുടിൽ കെട്ടി നാമ മാത്ര സമരം നടത്തി വരുന്ന ആദിവാസി സംഘടനകളുൾപ്പെടെ പ്രതിരോധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ ഒഴിപ്പിക്കൽ നടപടി അവസാനിപ്പിച്ച് കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് വനം വകുപ്പ് താൽക്കാലികമായി ഫയൽ അടക്കുകയായിരുന്നു.