എം. പ്രേംകുമാര്‍
സിപിഎം സംസ്ഥാന സമ്മേളനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണെന്നും വലിയൊരു വിഭാഗം പാര്‍ട്ടി അനുഭാവികള്‍ ഇതില്‍ അസ്വസ്ഥരാണെന്നും ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിനു കണ്ണൂരില്‍നിന്നുതന്നെ കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരെടുത്തു പറഞ്ഞാണു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി ലഭിച്ചിരിക്കുന്നത്. ജയരാജന്റെ നാട്ടില്‍നിന്നു തന്നെയുള്ള ഒരു കേന്ദ്ര കമ്മിറ്റി അംഗവും ജില്ലയിലെ മറ്റു ചില നേതാക്കളുമാണ് പരാതി നല്‍കിയിട്ടുള്ളതെന്നതും സംഭവത്തിന്റെ പ്രാധാന്യം കൂട്ടുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട സാന്പത്തിക തട്ടിപ്പ് ആരോപണം സംസ്ഥാന സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുമെന്നരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ആയുധമായാണു പി. ജയരാജനെതിരേയുള്ള പരാതിയെ കാണേണ്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു തെളിഞ്ഞിരിക്കെ പാര്‍ട്ടിയും ഒപ്പം സര്‍ക്കാരും പ്രതിരോധത്തിലാണ്.
ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയറിഞ്ഞല്ലെന്നു ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും കോടിയേരി ബാലകൃഷ്ണനോ കണ്ണൂരിലെ മറ്റു പ്രമുഖ നേതാക്കളോ ജയരാജന് അത്രകണ്ടു പിന്തുണനല്കിയില്ല. കൊലപാതകം പാര്‍ട്ടിയറിഞ്ഞാണു നടന്നതെങ്കില്‍ ജയരാജന്‍ ഒറ്റയ്ക്കു പ്രതിരോധിക്കട്ടേയെന്ന നിലപാടാണു മറ്റു നേതാക്കള്‍ സ്വീകരിക്കുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്ണൂരിലെ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ജില്ലയിലെ പാര്‍ട്ടിയില്‍ സമ്പൂര്‍ണാധിപത്യമുള്ള നേതാവായി പി.ജയരാജന്‍ മാറി. പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയാതെ ജയരാജന്‍ നടത്തുന്ന സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയണികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചെങ്കിലും നേതൃത്വത്തില്‍ കടുത്ത അതൃപ്തിയുണ്ടാക്കി. ജയരാജന്‍ സ്വയം മഹത്വവത്കരിക്കുന്നുവെന്നു കണ്ടെത്തിയ പാര്‍ട്ടി അദ്ദേഹത്തെ ശാസിക്കുകയും ചെയ്തു.
എന്നാല്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെത്തന്നെ പാര്‍ട്ടിക്കു വീണ്ടും മനസില്ലാമനസോടെ അവരോധിക്കേണ്ടിവന്നു. ഇതോടെ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കിടയിലുള്ള അസ്വാരസ്യം വര്‍ധിച്ചു. ജില്ലയിലെ പാര്‍ട്ടിയില്‍ സര്‍വാധിപനായി ജയരാജന്‍ മാറിയാലുണ്ടാകുന്ന വിപത്ത് മുന്നില്‍രക്കണ്ടുള്ള നീക്കവും മറ്റു നേതാക്കള്‍ തുടങ്ങിയിരുന്നു. ഇതിനു ശക്തിപകരുന്ന ആയുധമായിട്ടാണു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തെ മറയാക്കി ജയരാജനെതിരെയുള്ള പടപ്പുറപ്പാടു കണ്ണൂരിലെ പാര്‍ട്ടിയില്‍ തുടങ്ങുന്നത്.
കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അറിഞ്ഞുകൊണ്ടു തന്നെയാണെന്നുള്ളതില്‍ സംശയമില്ല. തൃശൂരിലെ സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രധാന ഭാഗവും കണ്ണൂരില്‍ നിന്നുതന്നെയാകുമെന്നത് ഉറപ്പാണ്. ഇതിനുള്ള തയാറെടുപ്പുകള്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ അണിയറയില്‍ നടക്കുന്നൂവെന്നും കോടിയേരിക്കു നല്ല ബോധ്യമുണ്ട്. ഇതിനു തടയിടുന്നതിനു വേണ്ടിയാണു കണ്ണൂരിലെ തന്നെ ഒരു പ്രമുഖ നേതാവിനെക്കൊണ്ടു കോടിയേരി സിപിഎം കേന്ദ്ര നേതൃത്വത്തിനു ജയരാജനെതിരേ പരാതി നല്‍കിയിരിക്കുന്നത്.
പി. ജയരാജനുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണു സീതാറാം യെച്ചൂരി. പല കാരണങ്ങള്‍ കൊണ്ടും പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി യെച്ചൂരി നല്ല രസത്തിലുമല്ല. അതുകൊണ്ടുതന്നെ ജയരാജനെതിരേയുള്ള പരാതി അദ്ദേഹം ഗൗരവത്തിലെടുക്കാന്‍ സാധ്യതയില്ല. സമ്മേളനത്തില്‍ വ്യക്തിപരമായുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം സംസ്ഥാന നേതൃത്വം നേരത്തേ തന്നെ കീഴ്ഘടകങ്ങളില്‍ നല്‍കിയിരുന്നു. സംസ്ഥാന സമ്മേളനത്തിലും ഇതു പാലിക്കപ്പെടേണ്ടതുണ്ട്. യെച്ചൂരി മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നതിനാല്‍ ജയരാജനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന ചിലരുടെ ലക്ഷ്യം വ്യര്‍ഥമാകാനും ഇടയുണ്ട്. എന്തായാലും സംസ്ഥാന സമ്മേളനത്തിനു ശേഷം കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകാനാണു സാധ്യത.