പൊൻകുന്നം: വിലയിടിവിൽ നട്ടം തിരിയുന്ന റബർ കർഷകർക്ക് ഇരുട്ടടിയായി വേനൽ മഴ . അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ പുതിയതായി തളിരിട്ട ഇലകൾ കൊഴിഞ്ഞതോടെയാണ് കർഷകർ ദുരിതത്തിലായിരിക്കുന്നത്. ഡിസംബർ ജനുവരി മാസങ്ങളിൽ ഇലകൾ കൊഴിഞ്ഞ് റബറിന് പുതിയ തളിർ ഇലകൾ വന്നിരുന്നു. ഇലകൾ മൂക്കുന്നതിന് മുൻപായി വേനൽ മഴ പെയ്തതിനാൽ മിക്ക തോട്ടങ്ങളിലെയും ഇലകൾക്ക് കുത്തൽ വീഴുകയും, ഇലകൾ കൊഴിഞ്ഞു പോകുന്നതിനും കാരണമാകുന്നു.
തളിരിൽ വെള്ളം വീണതിനെത്തുടർന്നാണ് ഇലകൾ കേടായത്. കനത്ത വെയിലുംഒപ്പം കാറ്റുകൂടി വീശുന്നതോടെ പുതിയ തളിരിലകൾ പൂർണ്ണമായി കൊഴിയുന്നതിനും കാരണമാകുന്നു. ഇല കൊഴിച്ചിൽ തുടർന്നാൽ വരും വർഷത്തെ റബർ ഉൽപാദനത്തെ കാര്യമായി ബാധിക്കും.
ഇക്കുറി ഇലകൊഴിച്ചിലിനു ശേഷം റബർ മരങ്ങൾ തളിരിട്ടപ്പോൾ മുൻവർഷത്തക്കാൾ ഇലകൾ ഉണ്ടായിരുന്നു. ഇത് കർഷകർക്ക് നല്ല പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം കർഷകരെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചൂട് കൂടുന്നതിനാൽ ഇലകൾ കൊഴിഞ്ഞ് ശിഖരങ്ങൾ ഉണങ്ങുന്നതിനു കാരണമാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.
കറുകച്ചാൽ, കങ്ങഴ, നെടുംകുന്നം, വെള്ളാവൂർ, വാഴൂർ, മണിമല ഭാഗങ്ങളിലെ മിക്ക തോട്ടങ്ങളിലും ഇല കൊഴിച്ചിൽ ഏറെ കൂടുതലാണ്. തളിരിലകൾ വെള്ളം വീണ് ചുരുണ്ടു പോയതാണ് മറ്റൊരു പ്രശ്നം. വിലയിടിവിന് ഒപ്പം ഇലകൊഴിച്ചിലും രോഗവും ഏറിയതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് മേഘലയിലെ കർഷകർ.