സ്റ്റേജ് ഷോകള്‍ വഴി മിനിസ്ക്രീനിലൂടെ സിനിമയിലെത്തിയവരാണ് ധര്മജന് ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും. പതിനഞ്ചു വര്‍ഷത്തിലേറെയായി ഇണപിരിയാത്ത കൂട്ടുകാരായ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആസ്വാദകര്‍ക്ക് എന്നും ചിരിയുടെ പൂരമാണ് സമ്മാനിച്ചത്. ഇരുവരും ഒന്നിച്ചു ചേര്‍ന്നാല്‍ കഥകളുടെ പൂരമായിരിക്കും. അത്തരത്തിലൊരു കഥ (ധര്‍മജനാണ് ഈ കഥയിലെ വില്ലനും നായകനും) പിഷാരടി തുറന്നു പറയുകയാണ്.
ധര്‍മജന്റെ മൂത്ത കുട്ടിയുടെ പേരിടീല്‍ ചടങ്ങാണ് വേദി. അനുജയുടെ വീട്ടില്‍വച്ച് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങുനടത്താന്‍ ധാരണയായെന്ന് സന്തോഷത്തോടെ ധര്‍മ്മനെന്നെ വിളിച്ചറിയിച്ചു. ചടങ്ങിനെത്താന്‍ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് ഞാന്‍ തീയതി ഓര്‍ത്തുവച്ച്, അവന്റെ ഭാര്യവീട്ടിലേക്കു കയറിച്ചെന്നു. ധര്മ്മജന് അവിടെയില്ല. എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. പരിചയമുള്ള ആരുമില്ലാത്ത ആ വീട്ടില്‍ അസ്വസ്ഥനായി ഞാനിരിക്കുന്നതുകണ്ട് ധര്‍മ്മന്റെ അളിയനെന്നെ നോക്കുന്നുണ്ട്. ആള് പോലീസിലാണ്. എന്റെ പെങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ നീ ആയിരുന്നല്ലേ കൂട്ട് എന്ന് ആ കണ്ണുകള്‍ എന്നോടു ചോദിക്കുംപോലെ തോന്നി. ആരും കാണാതെ അല്‍പ്പം മാറിനിന്ന് ഞാന്‍ ധര്മ്മനെ ഫോണില്‍ വിളിച്ചു.
മൂന്നുനാല് പ്രാവശ്യം ട്രൈ ചെയ്തശേഷമാണു കിട്ടിയത്. ‘നീ ഇതെവിടെയാ? ചടങ്ങിന് ആളുകളൊക്കെ എത്തി. ഞാന്‍ നിന്റെ ഭാര്യവീട്ടില്‍ പോസ്റ്റായിരിക്കുവാ. വേഗം വരുന്നുണ്ടോ നീ.’ എന്നൊക്കെ ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. ‘അതേ… ഞാനൊരു കൂട്ടുകാരന്റെ സിഡി കടയുടെ ഉദ്ഘാടനം ഏറ്റിരുന്നെടാ… അവിടെ നില്‍ക്കുവാ… കൊച്ചിന്റെ പേരിടലിന്റെ ദിവസമാന്ന് ഓര്‍ക്കാതെയാ ഡേറ്റ് കൊടുത്തത്.’ ആ മറുപടി കേട്ട് എന്റെ കിളിപോയി. ‘ഒരു ചെറിയ പ്രശ്നമുണ്ട്.’ ധര്മ്മന് തുടര്‍ന്നു. ഇതിലും വലിയ എന്തുപ്രശ്നമെന്നു ചോദിക്കും മുന്‍പ് അവന് പറഞ്ഞു: ‘നീ ഉടനിങ്ങ് വരണം. നമ്മള് ഒരുമിച്ച് ഉദ്ഘാടനം ചെയ്തുകൊടുക്കാമെന്നാ ഞാന്‍ വാക്കുകൊടുത്തത്.’
അവനെ തല്ലാനാണോ കൊല്ലാനാണോ ചിരിക്കാനാണോ തോന്നിയതെന്ന് എനിക്കോര്‍മ്മയില്ല. ഉടന്‍തന്നെ വണ്ടിയെടുത്ത് ഞാന്‍ ഉദ്ഘാടന സ്ഥലത്തെത്തി. പേരിടലിന്റെ മുഹൂര്‍ത്തമായപ്പോള്‍, ധര്‍മ്മന്റെ ചേട്ടന് കുഞ്ഞിനെ മടിയിലിരുത്തി ഒരു കൈയില്‍ വെറ്റിലവച്ച് മറ്റേ കൈയില്‍ ഫോണ്‍ പിടിച്ച് ധര്മ്മനെ വിളിച്ചു. ‘കൊച്ചിനെന്ത് പേരിടും?’ പ്രതീക്ഷിക്കാത്ത എന്തോ ചോദിച്ചതുപോലെ, ഞെട്ടലോടെ അവന് ആ ചോദ്യം എന്റെനേര്‍ക്ക് തൊടുത്തുവിട്ടു. ‘എന്തായാലും വൈകി, കൊച്ചിന് വൈഗ എന്നു പേരിട്’ എന്നു ഞാന്‍ തമാശയ്ക്കു പറഞ്ഞു. ലോട്ടറി അടിച്ചതുപോലുള്ള സന്തോഷത്തോടെ അവന് ആ പേര് ചേട്ടനോടു പറഞ്ഞു. അങ്ങനെ ധര്‍മ്മന്റെ മൂത്തമകള്‍ വൈഗയായി.
ഇളയ മകളുടെ കാര്യം വന്നപ്പോഴും പറ്റിയ പേരൊന്നും കിട്ടിയില്ല, ‘നീയൊരു പേര് പറ’ എന്നും പറഞ്ഞ് ധര്‍മ്മനെന്നെ ഫോണ്‍ ചെയ്തു. ‘ഒരാള്‍ക്ക് പേരിട്ടില്ലേ, ഇനി വേണ്ട’ എന്ന് ഞാന്‍ പറഞ്ഞു. വേണ്ട എന്നുള്ളത് വേദ എന്നാണ് ധര്‍മ്മനു തിരിഞ്ഞത്. ഇളയ കുട്ടിക്ക് വേദ എന്നു പേരിടുകയും ചെയ്തു. കൂട്ടുകാരന്റെ രണ്ടുമക്കള്‍ക്ക് പേരിടാനുള്ള നിയോഗം അങ്ങനെ യാദൃച്ഛികമായി എനിക്കുണ്ടായി. പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത എന്ന ചിത്രത്തില്‍ ധര്‍മജനും പ്രധാന റോളിലെത്തുന്നുണ്ട്.