ജോജി തോമസ്
നെന്മാറ: പാവങ്ങളുടെ ഉൗട്ടിയെന്നറിയപ്പെടുന്ന നെല്ലിയാന്പതി മലനിരകൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. വേനലവധി അടുക്കുന്നതോടെ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്ന സഞ്ചാര കേന്ദ്രങ്ങളിലും ഒന്നാണ് ഈ പാവങ്ങളുടെ ഉൗട്ടി .
പോത്തുണ്ടി അണകെട്ടു മുതലുള്ള കാഴ്ചകൾ മനസ്സിൽ കുളിർ പകരുന്നതാണെങ്കിലും വിനോദ സഞ്ചാരികൾക്ക് താമസമൊരുക്കുന്നതിനും പ്രാഥമിക സൗകര്യങ്ങളേർപ്പെടുത്തുന്നതിനും വേണ്ടുന്ന നടപടികൾ ഇന്നേവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. ആയതിനാൽ സ്ത്രീകളും കുട്ടികളുമായി വരുന്ന സഞ്ചാരികൾക്ക് സ്വകാര്യ ഹോട്ടൽ ലുകളോ മറ്റോ ആശ്രയിക്കേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ടാകുന്നു. സർക്കാർ ഓറഞ്ച് ഫാമിന്റെ 10 ഏക്കർ സ്ഥലം ടുറിസ്റ്റ് വകുപ്പിനു 25 വർഷം മുന്പൻ നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ചെറിയ കോട്ടേജുകൾ പോലും നിർമ്മിക്കാൻ കഴിഞ്ഞില്ല.
തൂത്തന്പാറ പറന്പിക്കുളം റോഡ് ഗതാഗതയോഗ്യമാക്കി തുറന്നു കൊടുക്കുവാണെങ്കിൽ നെല്ലിയാന്പതിയിൽ നിന്ന് പറന്പിക്കുളത്തേയക്ക് 18 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മതിയാകും. വനം വകുപ്പും ടൂറിസം വകുപ്പും ധാരണയിലെത്തിയാൽ ഇത് നടപ്പിലാകും. നെല്ലിയാന്പതിയിലെ അതി മനോഹരമായ കൗതുകമുണർത്തുന്ന കാഴ്ചകളായ ഉയർന്ന പ്രദേശങ്ങളായ മാൻപാറ, ഹിൽ ടോപ്പ് എന്നിവടങ്ങളിലേയ്ക്കുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ് .
10 വർഷങ്ങളായിട്ടു പോലും ഇവിടേക്ക് വാഹന ഗതാഗതം അനുവദിയ്ക്കാത്തത് വിനോദ സഞ്ചാരികളോടുള്ള വെല്ലുവിളിയാണെന്നാണ് നെല്ലിയാന്പതിയില്ലെത്തുന്ന സഞ്ചാരികൾ പറയുന്നത്.12 കിലോമീറ്റർ നടന്നാണ് ഇപ്പോൾ സഞ്ചാരികൾ പോകുന്നത്.
ഇത് വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാവശ്യം സഞ്ചാരികൾക്കിടയിൽ ശക്തമാണ്. ഹിൽടോപ്പ് ,മാൻന്പാറ, സീതാർകുണ്ട് ,കേശവൻപാറ എന്നീ സഞ്ചാരികളുടെ തിരക്കേറെയുണ്ടാകുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത രീതിയിൽ ടൂറിസ്റ്റ് ശൃംഖല നടപ്പാക്കണം. നെല്ലിയാന്പതി മലനിരകളിലെ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട് ഇവയ്ക്ക് താഴെയായി ചെറിയ അണകൾ കെട്ടുന്നതും സഞ്ചാരികളെ ഏറെ ആകർഷിക്കും.