മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾക്കും പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾക്കുമായുള്ള അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചു.ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ വാഗണർ കാറും അക്രമികൾ കൃത്യം നിർവഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.
അക്രമിസംഘം വാഹനങ്ങളുടെ നന്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച ശേഷം സഞ്ചരിച്ചുവെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. പിടിയിലാകാനുള്ള മറ്റുള്ളവർക്കു വേണ്ടി പോലീസ് കർണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്കും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരെയും, ഗൂഢാലോചന, പ്രതികളെ ഒളിവിൽ താമസിച്ചവരെ എന്നിവരെ കണ്ടെത്തുന്നതിനാണ് തെരച്ചിൽ ശക്തമാക്കിയത്.
മട്ടന്നൂർ, എടയന്നൂർ, തില്ലങ്കേരി ഭാഗത്തു നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. റെയ്ഡ് വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഐജി മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ കണ്ണൂർ സ്പെഷ്യൽ ജയിലിൽ അടച്ചിരിക്കുകയാണ്.
ആകാശും റിജിൻ രാജും ഉൾപ്പെടെ 5 അംഗ സംഘമാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇവർക്കു പുറമെയുള്ള പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്. 12 സിപിഎം പ്രവർത്തകർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 12 നു രാത്രി 11 ഓടെ തെരൂരിൽ തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ശുഹൈബിനെ കൊലപ്പെടുത്തിയത്.