സെഞ്ചൂറിയൻ: എം.എസ്.ധോണിയുടെയും മനീഷ് പാണ്ഡെയുടെയും തട്ടുപൊളിപ്പൻ ബാറ്റിംഗിന് ഹെന്റിച്ച് ക്ലാസൻ, നായകൻ ജെ.പി.ഡുമിനി എന്നിവരിലൂടെ ദക്ഷിണാഫ്രിക്ക മറുപടി നൽകിയപ്പോൾ ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഇന്ത്യ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം എട്ടു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. 30 പന്തിൽനിന്ന് 69 റണ്‍സ് നേടിയ ക്ലാസന്റെ ബാറ്റിംഗാണ് മത്സരം ഇന്ത്യയുടെ കൈപ്പിടിയിൽനിന്ന് അകറ്റിയത്.
ഇതോടെ പരന്പര 1-1 സമനിലയിലായി. പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ശനിയാഴ്ച കേപ്ടൗണിലാണ് പരന്പരയിലെ അവസാനത്തേതും വിജയികളെ നിർണയിക്കുന്നതുമായ മത്സരം.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മനീഷ് പാണ്ഡ(48 പന്തിൽ 79) എം.എസ് ധോണി (28 പന്തിൽ 52) എന്നിവരുടെ മികവിലാണ് 188/4 എന്ന ടോട്ടൽ പടുത്തുയർത്തിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമയെ ഇന്ത്യക്കു നഷ്ടമായി. അഞ്ചാമത്തെ ഓവറിൽ ധവാനും (24) തൊട്ടുപിന്നാലെ ഒരു റണ്ണുമായി നായകൻ വിരാട് കോഹ്ലിയും പുറത്തായി. ഇതോടെ മൂന്നിന് 45 എന്ന നിലയിൽ ഇന്ത്യ പതറി.
എന്നാൽ ഇന്ത്യയെ റെയ്നയും (31) പാണ്ഡെയും ചേർന്ന് ധീരമായി മുന്നോട്ടു നയിച്ചു. ഇവരുടെ സഖ്യം നാലാം വിക്കറ്റിൽ 45 റണ്‍സ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ പാണ്ഡെയ്ക്കു കൂട്ടായി ധോണിയെത്തിയതോടെ സ്കോർബോർഡ് വേഗത്തിൽ ചലിച്ചു. അവസാന അഞ്ച് ഓവറിൽ 64 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരുടേയും കൂട്ടുകെട്ട് 98 റണ്‍സാണ് കണ്ടെത്തി. ഇതിൽ ധോണിയായിരുന്നു കൂടുതൽ അപകടകാരി. പതുക്കെ തുടങ്ങി കത്തിക്കയറിയ ധോണി 28 പന്തിൽ 52 റണ്‍സെടുത്തു. ഇരുവരും മൂന്നുവീതം സിക്സറുകൾ പറത്തി.
189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 24ൽ സ്മട്സി(2)നെ നഷ്ടമായി. 12 റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോൾ മറ്റൊരു ഓപ്പണർ റീസെ ഹെൻ റികസും മടങ്ങി. 26 റണ്‍സായിരുന്നു ഹെൻ റികസിന്റെ സന്പാദ്യം. ഇതിനുശേഷം ഒത്തുചേർന്ന ക്ലാസൻ-ഡുമിനി സഖ്യം ഇന്ത്യൻ ബൗളിംഗിനെ തച്ചുതകർത്തു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 93 റണ്‍സ് കൂട്ടിച്ചേർത്തു.
14-ാം ഓവറിൽ ജയദേവ് ഉനാദ്ഘട്ടിന്റെ പന്തിൽ പുറത്താകുന്നതിനു മുന്‍പായി 30 പന്തിൽനിന്ന് ക്ലാസൻ 69 റണ്‍സ് അടിച്ചുകൂട്ടി. ഏഴു സിക്സറും മൂന്നുബൗണ്ടറികളും ക്ലാസൻ പറത്തി. പിന്നാലെ എത്തിയ ഡേവിഡ് മില്ലർ(5) ഹാർദിക് പാണ്ഡ്യയ്ക്കു വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ഫർഹാൻ ബെഹാർദീനൊപ്പം ചേർന്ന് ഡുമിനി ആതിഥേയരെ വിജയത്തിലേക്കു നയിച്ചു. ഡുമിനി 40 പന്തിൽനിന്ന് 64 റണ്‍സ് നേടി പുറത്താകാതെനിന്നു.
ഇന്ത്യയ്ക്കായി ജയദേവ് ഉനാദ്ഘട്ട് രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, ശാർദുൾ താക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി. സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ നാലോവറിൽ 64 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.