ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) പിരിവ് വീണ്ടും കുറഞ്ഞു. ജനുവരിയിലെ വ്യാപാരത്തിന്റെ നികുതിയായി ഇന്നലെവരെ ലഭിച്ചത് 81,000 കോടി രൂപ മാത്രം. നികുതി അടയ്ക്കേണ്ട അവസാന തീയതി 25നാണ്.
ഡിസംബറിലെ വ്യാപാരത്തിൽ 86,703 രൂപ കിട്ടിയതാണ്. പുതുവർഷത്തിൽ നികുതിവരവ് കൂടുമെന്നു കരുതിയ സ്ഥാനത്താണു കുറവ്.ഒട്ടേറെ ഇനങ്ങളുടെ ജിഎസ്ടി നിരക്ക് നവംബറിൽ ഗണ്യമായി കുറയ്ക്കുകയുണ്ടായി. അതും നികുതിപിരിവു കുറയാൻ കാരണമാണ്. എങ്കിലും ഡിസംബറിലേതിലും താഴെയാകും ജനുവരിയിലെ പിരിവ് എന്നു പ്രതീക്ഷിച്ചില്ല.
ഇ-വേ ബിൽ മാർച്ചിൽ
ജിഎസ്ടിയുടെ ഭാഗമായ ഇ-വേ ബിൽ മാർച്ച് പകുതിയോടെ നടപ്പാക്കുമെന്നാണു സൂചന. മാർച്ച് ഒന്നിനു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗൺസിലാണ് എന്നുമുതൽ ഇതു നടപ്പാക്കണം എന്നു നിശ്ചയിക്കുക. എല്ലാ സംസ്ഥാന ധനമന്ത്രിമാരും ഉൾപ്പെട്ടതാണ് ജിഎസ്ടി കൗൺസിൽ.
ജിഎസ്ടിയോടൊപ്പം നടപ്പാക്കേണ്ടതായിരുന്നു ഇ-വേ ബിൽ. എന്നാൽ, കംപ്യൂട്ടർ നെറ്റ്വർക്ക് ശരിയാകാത്തതുമൂലം നീട്ടിവച്ചു. ഫെബ്രുവരി ഒന്നിനു നടപ്പാക്കിയതായി പ്രഖ്യാപിച്ചു. പ്രവർത്തനം തുടങ്ങിയെങ്കിലും ഒരു വേ ബിൽ പോലും തയാറാക്കി നല്കാൻ കഴിഞ്ഞില്ല. ചരക്കു ഗതാഗതം അന്നു തടസപ്പെട്ടതുമാത്രം മിച്ചം. മാർച്ച് പകുതിയോടെ നടപ്പാക്കുന്പോൾ മാത്രമേ പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടോ എന്ന് അറിയാനാകൂ.
അന്പതിനായിരം രൂപയിൽ കൂടുതൽ വിലയ്ക്കുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിന് വാഹനത്തിൽ ഇ വേ ബിൽ വേണം. ഇതു ഫാക്ടറിക്കാരോ വ്യാപാരിയോ ജിഎസ്ടി നെറ്റ്വർക്കിലേക്കു വിവരവും വാഹനത്തിന്റെ നന്പറും അപ്ലോഡ് ചെയ്താൽ ലഭിക്കുന്നതാണ്. ഇതു തയാറാകാത്തതുമൂലം എട്ടു മാസമായി വലിയതോതിൽ നികുതിവെട്ടിപ്പ് നടക്കുന്നുണ്ട്.
ജിഎസ്ടി നടപ്പായശേഷംഓരോ മാസവും ലഭിച്ച നികുതി (കോടി രൂപയിൽ)
ജൂലൈ 94,063
ഓഗസ്റ്റ് 90,669
സെപ്റ്റംബർ 92,150
ഒക്ടോബർ 83,346
നവംബർ 80,808
ഡിസംബർ 86,703
ജനുവരി 81,000