ആര്യയുടെ ഭാര്യയാകാനുള്ള പോരാട്ടം മുറുകുന്നു ! തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ വധുവാകാനുള്ള റിയാലിറ്റി ഷോയില്‍ കയ്യടി നേടുന്ന രണ്ടു മലയാളി പെണ്‍കുട്ടികളെക്കുറിച്ചറിയാം…

വ്യത്യസ്ഥവും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങള്‍ കൊണ്ട് തെന്നിന്ത്യന്‍ യുവത്വത്തിന്റെ മനസിലിടം നേടിയ താരമാണ് ആര്യ. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ ജംഷാദ് സെതിരകത്താണ് ആര്യയെന്ന പേരില്‍ താരമായത്. സുന്ദരനായ താരം പെണ്‍കുട്ടികളുടെ ഇടനെഞ്ചില്‍ നിറഞ്ഞ് അവിവാഹിതനായി നില്‍ക്കുമ്പോഴായിരുന്നു ആ വിവരം തുറന്നു പറഞ്ഞത്.

തനിക്ക് വിവാഹ പ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ ആര്യ ഫേസ്ബുക്കില്‍ വീഡിയോയും ഇട്ടു.ഇതിന് മറുപടിയായി ഒരു ലക്ഷത്തിലധികം കോളുകളും, അപേക്ഷകളുമാണ് ലഭിച്ചത്. ഇതോടെ വിവാഹം ഒരു റിയാലിറ്റി ഷോയാക്കി മാറ്റിയിരിക്കുകയാണ്. തമിഴ് ചാനലിലെ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിലേയ്ക്കായി 16 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. മത്സര വിജയിയെ ആര്യ വിവാഹം ചെയ്യുമെന്നാണ് പ്രഖ്യാപനം.ഇതില്‍ രണ്ടു മലയാളി പെണ്‍കുട്ടികളും ഇടം നേടിയിട്ടുണ്ട്. മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധയരായ സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ രണ്ടു പേരേയും പരിചയപ്പെടുത്തുകയുണ്ടായി. ഇഷ്ട താരത്തിന് സമ്മാനവുമായാണ് ഇരുവരും വേദിയിലെത്തിയത്.

പരമ്പരാഗത സ്‌റ്റൈലിലാണ് സീത എത്തിയിരിക്കുന്നതെന്ന് ആര്യ വിശേഷിപ്പിച്ചു. ആഗ്രഹസഫലീകരണത്തിനായി തേങ്ങയും സീത കരുതിയിരുന്നു. ഇത് കൈകൊണ്ട് ആര്യ ഉടച്ചു.ആര്യയെ ഭര്‍ത്താവായി വേണമെന്ന ആഗ്രഹവും സീത പറഞ്ഞു. നാന്‍ കടവുളാണ് ഇഷ്ട ചിത്രമെന്നും, രാജാ റാണി ഇഷ്ട പ്രണയ ചിത്രമാണെന്നും സീത പറഞ്ഞപ്പോള്‍, സീതയെ കാണാന്‍ നസ്രിയയേക്കാള്‍ ക്യൂട്ടാണെന്നായിരുന്നു ആര്യയുടെ കമന്റ്. വളരെ ശാന്ത സ്വഭാവമുള്ള കുട്ടിയാണെന്നാണ് ദേവ സൂര്യയ്ക്ക് ആര്യയുടെ വിശേഷണം. കൊച്ചിയില്‍ നിന്ന് വന്നിട്ടും നന്നായി തമിഴ് സംസാരിക്കുന്നുണ്ടെന്നും പറഞ്ഞു. ആര്യയ്ക്ക് മുണ്ടും ഷര്‍ട്ടുമായാണ് ദേവസൂര്യ വന്നത്. ഇത് എന്തായാലും ഞാന്‍ വിവാഹത്തിന് ധരിക്കുമെന്നും ആര്യ പറഞ്ഞു. എന്തായാലും മലയാളിയായ ആര്യയുടെ ഭാര്യയായി ഒരു മലയാളി പെണ്‍കൊടി തന്നെ വരാനായിരിക്കും എല്ലാ മലയാളികളും ആഗ്രഹിക്കുകയെന്നു തീര്‍ച്ച.

 

Related posts